ബിന്ദു പദ്മനാഭൻ കൊലപാതകം; അന്വേഷണം കേരളത്തിന് പുറത്തേക്ക്, ബംഗളൂരുവിൽ സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തും
ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭൻ കൊലപാതകക്കേസിൽ അറസ്റ്റിലായ പള്ളിപ്പുറം സ്വദേശി സി എം സെബാസ്റ്റ്യൻ (61) കുറ്റം സമ്മതം നടത്തിയതിന് പിന്നാലെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. കോയമ്പത്തൂർ, കുടക്, ബംഗളൂരു എന്നിവിടങ്ങളിലും സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തും.
ഇവിടങ്ങളിൽ ബിന്ദുവുമായി സെബാസ്റ്റ്യൻ യാത്ര ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തുവച്ചാണോ ബിന്ദു കൊല്ലപ്പെട്ടതെന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി അന്വേഷണ സംഘം ക്രെെംബ്രാഞ്ച് കോടതിയിൽ അറിയിച്ചു. കൂടുതൽ തെളിവെടുക്കുന്നതിനും ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തുന്നതിനുമാണ് സെബാസ്റ്റ്യനെ ക്രെെംബ്രാഞ്ച് അടുത്തിടെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. ബിന്ദുവിനെ സെബാസ്റ്റ്യനും ഒരു സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന് ശബ്ദരേഖ അടുത്തിടെ പുറത്തുവന്നിരുന്നു.
സഹോദരിയെ കാണാനില്ലെന്ന് ടി ബിന്ദുവിന്റെ സഹോദരൻ പ്രവീൺകുമാർ 2017ൽ നൽകിയ പരാതിയിൽ പട്ടണക്കാട് പൊലീസെടുത്ത കേസിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. 2002 മുതൽ സഹോദരിയെ കാണാനില്ലെന്നായിരുന്നു പരാതി. പ്രാഥമികാന്വേഷണത്തിൽ 2006വരെ ബിന്ദു ജീവിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. 2006ൽ ഇവർ കൊലചെയ്യപ്പെട്ടെന്നാണ് നിഗമനം. ജെയ്നമ്മ കൊലക്കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് സെബാസ്റ്റ്യൻ ബിന്ദു പദ്മനാഭനെ കൊന്നതായി കുറ്റസമ്മതം നടത്തിയത്. ബിന്ദു കൊല്ലപ്പെട്ടതായി കരുതുന്ന 2006ന് ശേഷം ഇവരുടെ പേരിലുള്ള ഭൂമി വ്യാജപ്രമാണത്തിലൂടെ തട്ടിയെടുത്തതിലടക്കം മൂന്നുകേസുകൾ സെബാസ്റ്റ്യന്റെ പേരിലുണ്ട്.