ലൈംഗികബന്ധത്തിനായി പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി, വിവാഹിതയായ 45കാരി അറസ്റ്റിൽ

Thursday 25 September 2025 9:52 AM IST

കടലൂർ (തമിഴ്‌നാട്): പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ താമസിപ്പിച്ച് ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച 45കാരിയെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം. കടലൂരിലെ കുളഞ്ചാവടിക്ക് സമീപത്തെ ഗ്രാമത്തിലെ വിദ്യാർത്ഥിയെയാണ് തട്ടിക്കൊണ്ടുപോയത്.

കടലൂർ ടൗണിലെ സർക്കാർ കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ പതിനേഴുകാരനെ ഇക്കഴിഞ്ഞ ഇരുപതുമുതലാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ കഴിഞ്ഞദിവസം പൊലീസിന്റെ പട്രോളിംഗിനിടെ കുപ്പം ഗ്രാമത്തിലെ ബസ് സ്റ്റോപ്പിൽ സ്ത്രീയെയും പതിനേഴുകാരനെയും പൊലീസ് കണ്ടു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കാണാതായ പതിനേഴുകാരനാണെന്ന് വ്യക്തമായത്.

നാൽപ്പത്തഞ്ചുകാരി വിവാഹിതയാണ്. ഇവർ വിദ്യാർത്ഥിയെ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിദ്യാർത്ഥിയെ ഇവർ പലതവണ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. തുടർന്ന് യുവതിക്കെതിരെ പോക്സോയും ചുമത്തി. ഇവരെ കൂടുതൽ ചാേദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ശാരീരികാവശ്യം നിറവേറ്റുന്നതിനായി ഇവർ കൂടുതൽ കുട്ടികളെ ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.