വിവാഹ വാഗ്ദാനം നൽകി പീഡനം, സ്വകാര്യ രംഗങ്ങൾ ഫോണിൽ പകർത്തി; മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ യുവതി
ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് പൊലീസ്. ബംഗളൂരു ഗോട്ടിഗെരെയിലെ സ്വകാര്യ സ്കൂളിലെ കോച്ചായ അഭയ് മാത്യുവിനെതിരെയാണ് (40) കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്. മകളുടെ കോച്ചായ അഭയ് നാല് വർഷം മുൻപ് വിവാഹ മോചനം സംബന്ധിച്ച് സഹായം വാഗ്ദാനം ചെയ്താണ് സൗഹൃദത്തിലായതെന്ന് യുവതി പറയുന്നു. തുടർന്ന് വിവാഹം കഴിക്കാമെന്ന വ്യാജേന രണ്ട് വർഷം മുൻപ് വാടകവീടെടുത്ത് ഒപ്പം താമസിപ്പിച്ചു.
എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഭീഷണിപ്പെടുത്തി പ്രതി കടന്നുകളഞ്ഞുവെന്നാണ് പരാതി. സ്വകാര്യ രംഗങ്ങൾ അഭയ് ഫോണിൽ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു. എന്നാൽ വസ്തുതർക്കവുമായി ബന്ധപ്പെട്ടാണ് താൻ കേരളത്തിലേക്ക് പോയതെന്നാണ് അഭയ്‌യുടേതായി പൊലീസിന് ലഭിച്ച വീഡിയോയിൽ അവകാശപ്പെടുന്നത്. യുവതിയെ വിവാഹം കഴിക്കാൻ തന്നെയാണ് ഉദ്ദേശമെന്നും തിരിച്ചെത്തി ഒപ്പം ജീവിക്കുമെന്നും വീഡിയോയിൽ അഭയ് പറയുന്നുണ്ട്.