'വിവാഹിതയായ സ്‌ത്രീയുടെ പേര് മാറും, ഗോത്രം മാറും'; സ്വത്തിൽ അവകാശം ഭർത്താവിന്റെ കുടുംബത്തിനെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഹിന്ദു നിയമപ്രകാരം വിവാഹിതയാകുന്ന സ്ത്രീയുടെ ഗോത്രം വിവാഹശേഷം മാറുമെന്ന് സുപ്രീം കോടതി. ഭർത്താവ് ജീവിച്ചിരിപ്പില്ലാത്തതോ മക്കളില്ലാത്തതോ ആയ സ്ത്രീ വിൽപത്രം തയ്യാറാക്കിയിട്ടില്ലെങ്കിൽ അവർ മരിക്കുമ്പോൾ സ്വത്തുക്കൾ ഭർത്താവിന്റെ അനന്തരാവകാശികൾക്കായിരിക്കും കൈമാറപ്പെടുകയെന്നും സ്വന്തം കുടുംബത്തിന് ആയിരിക്കില്ലെന്നും കോടതി വ്യക്തമാക്കി. 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി വി നാഗരത്ന അദ്ധ്യക്ഷയായ ബെഞ്ചിന്റേതാണ് നിരീക്ഷണം.
'വാദിക്കുന്നതിന് മുൻപ് ഒരു കാര്യം ഓർക്കൂ, ഇത് ഹിന്ദു പിന്തുടർച്ചാവകാശ നിയമമാണ്. എന്താണ് ഹിന്ദു എന്നതിന്റെ അർത്ഥം? എങ്ങനെയാണ് ഹിന്ദു സമൂഹം നിയന്ത്രിക്കപ്പെടുന്നത്? ഈ വാക്കുകൾ പറയാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല എങ്കിലും കന്യാദാനം ചെയ്യപ്പെടുമ്പോൾ സ്ത്രീയുടെ ഗോത്രവും മാറുന്നു. അവളുടെ പേരും മാറുന്നു. അവൾക്ക് ഭർത്താവിൽ നിന്ന് ജീവനാംശം നേടാൻ അവകാശമുണ്ട്.ദക്ഷിണേന്ത്യയിൽ വിവാഹിതയായ സ്ത്രീ മറ്റൊരു ഗോത്രത്തിലേയ്ക്ക് മാറുന്നതായി പ്രഖ്യാപിക്കുന്ന ഒരു ചടങ്ങുവരെയുണ്ട്. ഇതൊന്നും തുടച്ചുനീക്കാനാകില്ല.
മാതാപിതാക്കളിൽ നിന്നോ സഹോദരരിൽ നിന്നോ വിവാഹിതയായ സ്ത്രീ ജീവനാംശം വാങ്ങാറില്ല. ഒരു സ്ത്രീ വിവാഹിതയായാൽ നിയമപ്രകാരം ഭർത്താവിനും ഭർത്താവിന്റെ കുടുംബത്തിനും കുട്ടികൾക്കുമാണ് അവളിൽ ഉത്തരവാദിത്തമുള്ളത്. സ്ത്രീക്ക് മക്കളില്ലായെങ്കിൽ വിൽപത്രം തയ്യാറാക്കാവുന്നതാണ്'- ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.
എന്നാൽ ഉത്തരവ് ഏകപക്ഷീയവും വിവേചനപരവുമാണെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഒരു പുരുഷൻ മരണപ്പെട്ടാൽ അയാളുടെ സ്വത്തുക്കൾ അയാളുടെ കുടുംബത്തിന് അവകാശപ്പെട്ടതാണ്. എന്നാൽ മക്കളില്ലാത്ത സ്ത്രീ മരണപ്പെട്ടാൽ അവളുടെ സ്വത്തുക്കൾ എന്തുകൊണ്ടാണ് ഭർത്താവിന്റെ കുടുംബത്തിന് അവകാശപ്പെട്ടതാകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
എന്നാൽ കോടതിയുടെ തീരുമാനത്തിലൂടെ നിലവിലുള്ള ആചാരങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ബെഞ്ച് മുന്നറിയിപ്പ് നൽകി. കഠിനമായ വസ്തുതകൾ മോശം നിയമത്തിന് കാരണമാകരുത്. ആയിരക്കണക്കിന് വർഷങ്ങളായ നിലനിൽക്കുന്നവ കോടതിയുടെ വിധിന്യായത്തിലൂടെ തകർക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഒത്തുതീർപ്പോ മദ്ധ്യസ്ഥത ചർച്ചയിലൂടെയോ വിഷയം പരിഹരിക്കാമെന്നും കോടതി പറഞ്ഞു. പിന്നാലെ പരാതിയിൽ ഒത്തുതീർപ്പിന് ശ്രമിക്കാൻ കക്ഷികളോട് നിർദ്ദേശിച്ചുകൊണ്ട് ബെഞ്ച് സുപ്രീം കോടതിയുടെ മീഡിയേഷൻ സെന്ററിലേക്ക് റഫർ ചെയ്തു.