'അന്ന് നായിക നടിമാരോട് വസ്ത്രം മാറി വരാൻ ഞാൻ ആവശ്യപ്പെട്ടു'; ടിവി ഷോയിൽ വെളിപ്പെടുത്തലുമായി സൽമാൻ ഖാൻ
തന്റെ പുതിയ സിനിമകളിലെ നായികമാരോട് വസ്ത്രധാരണത്തിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ സൽമാൻ ഖാൻ. നടിമാരായ കാജോളിന്റെയും ട്വിങ്കിൾ ഖന്നയുടെയും ടോക്ക് ഷോയായ 'ടൂ മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിൾ ഖന്ന'യുടെ ആദ്യ എപ്പിസോഡിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമ കാണുമ്പോൾ കുടുംബ പ്രേക്ഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് താൻ ഇങ്ങനെ ആവശ്യപ്പെട്ടതെന്ന് സൽമാൻ ഖാൻ പറയുന്നു.
ടോക്ക് ഷോയുടെ ആദ്യ എപ്പിസോഡിന്റെ പ്രൊമോയിൽ, ട്വിങ്കിൾ ഖന്ന തമാശരൂപേണ സൽമാൻ ഖാനെ കളിയാക്കി സംസാരിക്കുന്നതും കാണാം. "സൽമാന്റെ സിനിമകളിൽ നായികമാരേക്കാൾ കൂടുതൽ ശരീരം പ്രദർശിപ്പിക്കുന്നത് അദ്ദേഹമാണ്. അതിനാൽ അദ്ദേഹത്തിന്റെ സിനിമകളിൽ ഒരുതരത്തിൽ തുല്യതയുണ്ട്." എന്നായിരുന്നു ട്വിങ്കിൾ ഖന്നയുടെ തമാശ. ഇതിന് മറുപടിയായാണ് സൽമാൻ ഖാൻ ചില നടിമാരോട് വസ്ത്രം മാറി വരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.
"നമ്മുടെ സംസ്കാരം അങ്ങനെയാണ്. നമ്മൾ മാതാപിതാക്കൾക്കും മുത്തശ്ശിമാർക്കുമൊപ്പമാണ് സിനിമ കാണുന്നത്. അത്തരം രംഗങ്ങൾ വരുമ്പോൾ എല്ലാവരും അസ്വസ്ഥരാകുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് ഇരുപതുകളിലും മുപ്പതുകളിലുമുള്ള ആളുകൾ തിയേറ്ററുകളിലേക്ക് വരണമെങ്കിൽ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലുള്ള സിനിമകൾ ചെയ്യണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്." സൽമാൻ ഖാൻ പറഞ്ഞു.
ഷോയിൽ സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും താരം രസകരമായ മറുപടിയാണ് നൽകിയത്. 'പുരുഷന്മാരായ ഞങ്ങളെ അടുക്കളയിലും എത്തിച്ചു. നിലവിൽ ഓരോ അടുക്കളയിലെയും ഷെഫ് പുരുഷനാണ്'.-സൽമാൻ പറഞ്ഞു. അതേസമയം സൽമാന്റെ ഈ മറുപടിയോട് കാജോൾ ഉടൻ തന്നെ പ്രതികരിച്ചു. പുരുഷന്മാരായ പാചകക്കാർക്ക് ശമ്പളം ലഭിക്കുമ്പോൾ സ്ത്രീകൾ ഇപ്പോഴും ശമ്പളമില്ലാതെയാണ് വീട്ടുജോലികൾ ചെയ്യുന്നതെന്ന് കാജോൾ ചൂണ്ടിക്കാട്ടി. ട്വിങ്കിൾ ഖന്നയോടും കാജോളിനോടും വീട്ടിൽ പാചകം ചെയ്യാറുണ്ടോ എന്ന് സൽമാൻ ഖാൻ ചോദിച്ചു.
നിങ്ങളുടെ വീട്ടിലെ രണ്ട് പുരുഷന്മാരും (അജയ് ദേവ്ഗൺ, അക്ഷയ് കുമാർ) നിങ്ങളെ ആശ്രയിച്ചാണ് കഴിയുന്നതെന്ന് സൽമാൻ തമാശയായി പറഞ്ഞു. ഇതിന് മറുപടിയായി, തങ്ങളുടെ കാര്യത്തിൽ ഇത് ശരിയായിരിക്കാമെങ്കിലും പൊതുവേ സത്യമല്ലെന്നാണ് ട്വിങ്കിൾ ഖന്ന പ്രതികരിച്ചത്. ഇതേ എപ്പിസോഡിൽ തന്നെ സൽമാൻ തന്റെ മുൻകാല പ്രണയങ്ങളെക്കുറിച്ചും ഭാവിയിൽ കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നുവെന്നും താരം തുറന്നുപറയുന്നുണ്ട്.