കസ്റ്റമർ കെയറിൽ നിന്ന് കോൾ, ഇത്രമാത്രമേ അവർ നിങ്ങളോട് പറയുകയുള്ളൂ; ശ്രദ്ധിച്ചില്ലെങ്കിൽ കിട്ടുന്നത് വമ്പൻ പണിയാണ്
കോഴിക്കോട്: ലോൺ ആപ്പുകൾ വഴി വായ്പയെടുത്ത് കുരുക്കിൽ പെടുന്നവർ ഏറുന്നു. സെെബർ പൊലീസിൽ ലഭിച്ചത് നിരവധി പരാതികൾ. സാമ്പത്തിക ഞെരുക്കമുള്ളവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ഫോണിലെത്തുന്ന ലോൺ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും ലോണെടുക്കാനുമുള്ള സന്ദേശങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ വൻതുക നഷ്ടപ്പെടും.
2000 മുതൽ 5000 വരെ കൊടുക്കുന്ന ആപ്പുകളാണധികവും. എടുക്കുന്ന തുകയുടെ ഇരട്ടിയിലധികം അടയ്ക്കേണ്ടി വരുമ്പോഴാണ് കുരുക്കിൽ പെട്ട വിവരം പലരുമറിയുക. സമയത്ത് അടച്ചാലും മറഞ്ഞിരിക്കുന്ന പലതരം ചാർജ്ജുകളുടെ പേരിൽ വീണ്ടും പണമടയ്ക്കാൻ ആവശ്യപ്പെടും. അടച്ചില്ലെങ്കിൽ ഭീഷണി തുടങ്ങും. ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ബാങ്ക് അക്കൗണ്ട് നമ്പറടക്കമുള്ള വിവരങ്ങൾ നൽകണം.
പണമടച്ചില്ലെങ്കിൽ ഈ വിവരങ്ങൾ ചോർത്തുമെന്ന ഭയവും ഇടപാടുകാർക്കുണ്ടാകും. ബാങ്ക് വിവരങ്ങൾ സ്വന്തമാക്കി തട്ടിപ്പ് പണം കെെമാറുന്ന രീതിയും ഇപ്പോഴുണ്ട്. ഈ മാഫിയയുടെ പക്കൽ തങ്ങളുടെ നമ്പർ എത്തുമോ എന്നാകും ഇടപാടുകാരുടെ ഭീതി. അതുകൊണ്ടുതന്നെ തുക അടയ്ക്കും. വിവിധ ഭാഷകളിൽ പല സ്ഥലങ്ങളിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയും ഭീഷണിപ്പെടുത്തും. ശല്യം സഹിക്കവയ്യാതെ പലരും പണമടയ്ക്കാൻ നിർബന്ധിതമാകും. മറ്റു നിർവാഹമില്ലാതെ വരുമ്പോഴാണ് പൊലീസിൽ പരാതി നൽകുന്നത്.
കുരുക്കുലേക്ക് വഴിവെട്ടി വായ്പയും തിരിച്ചടവും
ബാങ്കിൽ നിന്ന് ലോണെടുക്കുന്നതിന്റെ ബുദ്ധിമുട്ടുകളില്ലെന്നതാണ് ലോൺ ആപ്പുകളിൽ സാധാരണക്കാർ കുടുങ്ങാനുള്ള പ്രധാന കാരണം. പാൻ കാർഡിന്റെയോ ആധാറിന്റെയോ കോപ്പി ഓൺലെെനായി നൽകിയാൽ അക്കൗണ്ടിൽ പണമെത്തും. തിരിച്ചടയ്ക്കാനുള്ള സമയപരിധിയും നൽകും. അടച്ചില്ലെങ്കിൽ കൊടുത്ത രേഖയിലെ ഫോട്ടോ ഉപയോഗിച്ച് കൃത്രിമമായി നഗ്ന ഫോട്ടോയും വീഡിയോയുമുണ്ടാക്കും. ഇവ ലോണെടുത്തയാളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്നാകും അടുത്ത ഭീഷണി. മാനഹാനി ഭയന്നും പലരും ചോദിച്ച പണമടച്ച് കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കാറാണ് പതിവ്.
സിംകാർഡിന്റെ പേരിലും തട്ടിപ്പ് മൊബെെൽ ഫോൺ സിം കാർഡിന്റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഇപ്പോൾ പലർക്കും വ്യാജ വിളികളെത്തുന്നതായാണ് വിവരം. നിലവിലുള്ള സിംകാർഡ് ഇ സിമ്മിലേയ്ക്ക് അപ്ഗ്രേഡ് ചെയ്യാമെന്നാണ് വാഗ്ദാനം. തുടർന്ന് ഒരു ലിങ്ക് അയക്കും. ഇതിൽ ക്ളിക്ക് ചെയ്യുന്നതോടെ നിലവിലെ മൊബെെൽ നെറ്റ് വർക്ക് ഇല്ലാതാകും. അതിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ പക്കലാകും. അതിലെ വിവരങ്ങൾ സ്വന്തമാക്കാനും ബാങ്കിംഗ് ആപ്പ് വരെ ഉപയോഗിച്ച് പണം തട്ടാനുമാകുമെന്നാണ് വിവരം.
സെെബർ തട്ടിപ്പ്: പരാതിപ്പെടേണ്ട നമ്പർ 1930