കുവെെറ്റ് ബാങ്കിനെ പറ്റിച്ച് മലയാളികൾ, 270 കോടി വായ്‌പയെടുത്ത് മുങ്ങി; പരാതിയുമായി അധികൃതർ കേരളത്തിലേക്ക്

Thursday 25 September 2025 12:57 PM IST

കൊച്ചി: വൻ തുക ലോണെടുത്തശേഷം മുങ്ങിയ മലയാളികൾക്കെതിരെ പരാതിയുമായി കുവെെറ്റ് ബാങ്ക്. കുവെെറ്റിലെ അൽ അഹ്ലി ബാങ്ക് (AL AHLI BANK OF KUWAIT) ആണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 13 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. കുവെെറ്റിൽ ജോലിക്കെത്തിയശേഷം വൻ തുക ലോണെടുത്ത് മുങ്ങിയെന്നാണ് പരാതിയിലുള്ളത്.

24 ലക്ഷം മുതൽ രണ്ടുകോടിവരെ ലോണെടുത്തവരാണ് അധികവും. കേസുകൾ കൂടുതലും കോട്ടയം ജില്ലയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് വിവരം. ബാങ്കിന്റെ സിഇഒ മുഹമ്മദ് അൽ ഖട്ടൻ കേരളത്തിലെത്തി ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. 806 മലയാളികൾ 270 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ബാങ്കിന്റെ കണക്ക്.

നേരത്തെ ഗൾഫ് ബാങ്ക് കുവൈറ്റും സമാന പരാതിയുമായി കേരള പൊലീസിനെ സമീപിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റൊരു ബാങ്ക് കൂടി സമാന പരാതി ഉന്നയിക്കുന്നത്. ഗൾഫ് ബാങ്ക് കുവൈറ്റിന്റെ കണക്ക് പ്രകാരം 50ലക്ഷം മുതൽ മൂന്ന് കോടി വരെയാണ് തിരിച്ചടയ്ക്കാനുള്ളത്. കുവൈറ്റ് വിട്ടവരിൽ ചിലരെ കേരളത്തിലുള്ളൂ. മിക്കവരും യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ്. ഗൂഢാലോചന, കൃത്രിമരേഖകൾ ഉപയോഗിച്ചുള്ള വിശ്വാസവഞ്ചന, സ്വത്തപഹരിച്ച് മുങ്ങൽ ഉൾപ്പെടെയാണ് കുറ്റങ്ങൾ. സ്വത്ത് ജപ്തിചെയ്ത് കുടിശിക ഈടാക്കുന്നതിനു പുറമേ ഏഴു വർഷം വരെ തടവുശിക്ഷയും ലഭിക്കാം.