തെരുവുനായ ശല്യം രൂക്ഷം; വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ്ക്കൾ ആക്രമിച്ചു
പൂനെ: വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു. പൂനെയിലെ വഡ്ഗാവ് ഷെരിയിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ദൃശ്യങ്ങളിൽ രണ്ട് പെൺകുട്ടികൾ കളിക്കുന്നതും, പെട്ടെന്ന് നാല് തെരുവുനായ്ക്കൾ അവരെ ആക്രമിക്കാൻ ഓടി വരുന്നതും കാണാം. ഇതിലൊരു പെൺകുട്ടി ഓടി രക്ഷപെട്ടെങ്കിലും മറ്റേ കുട്ടിയെ നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. നായ്ക്കൾ കുട്ടിയെ കുറച്ചുദൂരം വലിച്ചിഴച്ചു. കരച്ചിൽ കേട്ട് ഓടിയെത്തിയ രണ്ട് പേരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
തെരുവുനായ്ക്കളുടെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പാർപ്പിടകേന്ദ്രങ്ങൾക്ക് സമീപമുള്ള തെരുവു നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് ഓഗസ്റ്റ് 11ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ കോടതിയുടെ ഉത്തരവിനെതിരെ മൃഗസ്നേഹികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് സുപ്രീം കോടതി ഉത്തരവിൽ മാറ്റം വരുത്തുകയും, വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം നായ്ക്കളെ അതേ സ്ഥലത്തേക്ക് തിരികെ വിടാൻ നിർദ്ദേശിക്കുകയും ചെയ്തു.
കൂടാതെ പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നത് അനുവദിക്കില്ലെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചു. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ മുനിസിപ്പാലിറ്റി പ്രത്യേക സ്ഥലം ഒരുക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.