പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാൾ ആഘോഷം; കേസെടുത്തു, അന്തസിന് കളങ്കംവരുത്തിയെന്ന് എഫ്‌ഐആർ

Thursday 25 September 2025 3:51 PM IST

കണ്ണൂർ: സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാൾ ആഘോഷം നടത്തിയവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

സെപ്തംബർ 16നാണ് പിറന്നാളാഘോഷത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. പൊലീസ് ആസ്ഥാനത്തുനിന്ന് വിളിക്കുകയാണെന്ന വ്യാജേന കണ്ണൂർ സിറ്റി പൊലീസ് ആസ്ഥാനത്തേയ്ക്ക് ചിലർ ഒരു യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. ശേഷം സ‌ർപ്രൈസ് ആയി കേക്ക് മുറിച്ച് ആഘോഷിച്ചു. സിറ്റി പൊലീസ് ആസ്ഥാനത്തെ ക്യാന്റീനോട് ചേർന്നുള്ള സ്ഥലത്തുവച്ചായിരുന്നു കേക്ക് മുറിയും ആഘോഷവും. പൊലീസിന്റെ ആയുധങ്ങൾ സൂക്ഷിക്കുന്ന സ്ഥലം ഇതിനടുത്താണ്. പൊലീസുകാരാണെന്ന വ്യാജേനയാണ് ഇവർ അകത്തുകടന്നതെന്നും വിവരമുണ്ട്.

അഞ്ചുപേർ അകത്തുകടന്ന് പിന്നാളാഘോഷം നടത്തിയത് പൊലീസ് ആസ്ഥാനത്തുള്ളവർ അറിഞ്ഞിരുന്നില്ല. വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസും ഇക്കാര്യം അറിഞ്ഞത്. സംസ്ഥാന പൊലീസ് സേനയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന സിറ്റി പൊലീസ് ആസ്ഥാനത്തേയ്ക്ക് അതിക്രമിച്ചുകയറി. പിറന്നാൾ ആഘോഷം സംഘടിപ്പിക്കുകയും അത് ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് പൊലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.