മരണപ്പെട്ട മുത്തച്ഛന്റെ ഫോട്ടോയ്‌ക്ക് ചിരിക്കുന്ന ഇമോജി; തർക്കത്തിന് പിന്നാലെ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

Thursday 25 September 2025 4:01 PM IST

രാജ്‌കോട്ട്: സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബിഹാർ സ്വദേശിയും ഗുജറാത്ത് രാജ്‌കോട്ടിലെ ഫാക്‌ടറി തൊഴിലാളിയുമായ പ്രിൻസ് കുമാർ (20) ആണ് മരിച്ചത്. സംഭവത്തിൽ മുഖ്യ പ്രതിയായ ബിഹാർ സ്വദേശി ബിപിൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ടാം പ്രതിയായ ബ്രിജേഷ് ഗോണ്ഡ് ഒളിവിലാണ്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

പ്രിൻസിന്റെ ഫേസ്‌ബുക്ക് സ്‌റ്റോറിക്ക് ബിപിൻ പൊട്ടിച്ചിരിക്കുന്ന ഇമോജിയിട്ട് പ്രതികരിച്ചതാണ് തർക്കത്തിനും കൊലപാതകത്തിനും കാരണമായതെന്ന് പൊലീസ് പറഞ്ഞു. നാല് മാസം മുമ്പാണ് പ്രിൻസിന്റെ മുത്തച്ഛൻ രൂപ്‌നാരയൺ ബിന്ദ് മരിച്ചത്. മുത്തച്ഛനെ ഓർത്തുകൊണ്ട് പ്രിൻസ് പങ്കുവച്ച സ്റ്റോറിക്കാണ് ബിപിൻ ചിരിക്കുന്ന ഇമോജി അയച്ചത്. പിന്നാലെ ഇതേച്ചൊല്ലി ഫോണിലൂടെ ഇരുവരും തമ്മിൽ തർക്കമായി. പിന്നീട് നേരിട്ടും വാക്കേറ്റമുണ്ടായി. ഈ മാസം ആദ്യമായിരുന്നു ഈ സംഭവം. പിന്നീട് സെപ്‌തംബർ 12-ാം തീയതിയാണ് പ്രിൻസ് കുമാറിനെ ബിപിൻ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവദിവസം ഫാക്‌ടറിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്നു പ്രിൻസ്. ഈ സമയം ബിപിൻ അവിടേക്കെത്തി. ബിപിൻ വരുന്നത് കണ്ട് പ്രിൻസ് ഫാക്‌ടറിക്കുള്ളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടാം പ്രതിയായ ബ്രിജേഷ് തടഞ്ഞു. തുടർന്ന് ബിപിൻ പ്രിൻസിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹപ്രവർത്തകരാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചികിത്സയിലിരിക്കെ പ്രിൻസ് പ്രതികൾക്കെതിരെ മൊഴി നൽകിയിരുന്നു. ചികിത്സയിലിരിക്കെ നാലാം ദിവസം പ്രിൻസിന്റെ ആരോഗ്യനില മോശമായി. ഇതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടെ ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് പ്രിൻസ് മരിച്ചത്.