സ്‌കോഡ ഒക്ടേവിയ ആര്‍എസ് തിരിച്ചുവരുന്നു; പ്രീ ബുക്കിംഗ് ഒക്ടോബര്‍ ആറ് മുതല്‍
കൊച്ചി: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഒക്ടേവിയ ആര്‍എസ് തിരിച്ചുവരുന്നു. ഒക്ടോബര്‍ ആറ് മുതല്‍ ഔദ്യോഗിക വെബ്സൈറ്റ് മുഖേന പ്രീ - ബുക്കിംഗ് ആരംഭിക്കും. പരിമിത സമയത്തേക്ക് മാത്രമായിരിക്കും പ്രീ ബുക്കിംഗ് ലഭ്യമാകുക. സ്‌കോഡ ഓട്ടോയുടെ ഐക്കോണിക് പെര്‍ഫോമന്‍സ് സെഡാന്‍ മോഡലിന്റെ തിരിച്ചുവരവാണ് ഇതിലൂടെ കുറിക്കുന്നത്.
ഇന്ത്യയില്‍ ഫുള്ളി - ബില്‍റ്റ് യൂണിറ്റ് (FBU) ആയാണ് ഒക്ടേവിയ ആര്‍എസ് ലഭ്യമാകുക. പരിമിത സ്റ്റോക്കുകള്‍ മാത്രമാണുണ്ടായിരിക്കുക. സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം, ബോള്‍ഡ് ഡിസൈന്‍, മികച്ച ആര്‍എസ് സ്പിരിറ്റ് എന്നിവയ്‌ക്കൊപ്പം ഏറ്റവും മികച്ച പെര്‍ഫോമന്‍സും ഒക്ടേവിയ ആര്‍എസ് ഉറപ്പുനല്‍കുന്നു.
'ഇന്ത്യയിലേക്ക് ഒരു ആഗോള ഐക്കണിനെ തിരിച്ചുകൊണ്ടുവരുമെന്ന് ഈ വര്‍ഷമാദ്യം സ്‌കോഡ പ്രഖ്യാപിച്ചിരുന്നു. ഒക്ടേവിയയുടെ മടങ്ങിവരവിലൂടെ തങ്ങള്‍ ആ വാഗ്ദാനം പാലിച്ചു' - സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.
റാലി സ്പോര്‍ട് എന്നതിന്റെ ചുരുക്കെഴുത്തായ ആര്‍എസ് മികച്ച പെര്‍ഫോമന്‍സിനെയാണ് സൂചിപ്പിക്കുന്നത്. 2004ലാണ് രാജ്യത്തെ ആദ്യ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പാസഞ്ചര്‍ കാറായി ഇന്ത്യയില്‍ ഒക്ടേവിയ ആര്‍എസ് അവതരിപ്പിച്ചത്.