ആക്രമണത്തിൽ ഇന്ത്യയുടെ കുന്തമുനകളാകാൻ കൂടുതൽ തേജസ് യുദ്ധവിമാനങ്ങൾ എത്തുന്നു, 62,370 കോടിയുടെ കരാർ

Thursday 25 September 2025 4:27 PM IST

ന്യൂഡൽഹി: വ്യോമസേനയ്ക്കായി 97 തേജസ് മാർക്ക്-1എ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി 62,370 കോടിയുടെ കരാറിൽ കേന്ദ്രസർക്കാർ ഒപ്പിട്ടു. നാലാം തലമുറിയിൽപ്പെട്ട വിമാനങ്ങൾ വാങ്ങാനുള്ള കരാറിലാണ് ഒപ്പുവച്ചത് എന്നാണ് റിപ്പോർട്ട്. സേനയുടെ കുന്തമുനകളായിരുന്ന മിഗ്-21 വിമാനങ്ങളുടെ പ്രവർത്തനം കാലപ്പഴക്കത്താൽ നിറുത്തലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാർ എന്നാണ് റിപ്പോർട്ട്. സേനയുടെ ആധുനിക വത്കരണത്തിനും യുദ്ധശേഷി വിപുലപ്പെടുത്തുന്നതിനും കരാർ നിർണായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, 2021ൽ 46,898 കോടി രൂപയ്ക്ക് ഓർഡർചെയ്ത വിമാനങ്ങളിൽ ഒന്നുപോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

2021ലെ കരാർ പ്രകാരം 2024 ഫെബ്രുവരിമുതലാണ് വിമാനങ്ങളുടെ വിതരണം തുടങ്ങേണ്ടത്. 2028 ഫെബ്രുവരി ആകുമ്പോൾ 83 വിമാനങ്ങളും നൽകണം. എന്നാൽ 2025 തീരാറായിട്ടും ഇതുവരെ ഒറ്റ വിമാനവും നൽകിയിട്ടില്ല. അതിനാൽ പുതിയ കരാറിൽ ഏർപ്പെടുന്നതിനെ വ്യോമസേന എതിർത്തിരുന്നു. പുതിയ കരാർ പ്രകാരമുള്ള വിമാനങ്ങളുടെ വിതരണം 2027-28 കാലയളവിൽ ആരംഭിച്ച് ആറുവർഷംകൊണ്ട് പൂർത്തീകരിക്കുകയും ചെയ്യും എന്നാണ് ധാരണ.

മിഗ് വിമാനങ്ങൾ പൂർണമായും പിൻവലിക്കുന്നതോടെ ഇന്ത്യയുടെ യുദ്ധവിമാന സ്‌ക്വാഡ്രണുകളുടെ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ചരിത്രത്തിലെതന്നെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്. എന്നാൽ ഇന്ത്യയുടെ പ്രധാന എതിരാളികളായ പാകിസ്ഥാനും ചൈനയും വ്യോമസേനയുടെ ശക്തി കൂട്ടിക്കൊണ്ടിരിക്കുകയാണ്. ചൈനീസ് സഹായത്തോടെയാണ് പാകിസ്ഥാൻ ശേഷി കൂട്ടുന്നത്. കടുത്ത ആശങ്കയാണ് ഇതുയർത്തുന്നത്. അതിനാൽത്തന്നെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി ഉയർത്താൻ കൂടുതൽ സ്‌ക്വാഡ്രണുകൾ ആവശ്യമുണ്ടെന്നാണ് സേനയുടെ വിലയിരുത്തൽ.