"ഞാൻ തട്ടമൊക്കെയിട്ട് സബീനയായി നടക്കുന്നതായിരുന്നു ഏട്ടന് ഇഷ്ടം"; മതംമാറ്റത്തെക്കുറിച്ച് ലക്ഷ്മിപ്രിയ
നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ലക്ഷ്മിപ്രിയ. താൻ മതംമാറിയതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടിയിപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'വിവാഹത്തിന് തൊട്ടുമുമ്പ് തന്നെ ഞാൻ മതം മാറി. അപ്പോൾ പതിനെട്ട് വയസല്ലേയുള്ളൂ. കേവല ധാരണമാത്രം. ഇപ്പോഴാണെങ്കിൽ ഞാൻ അങ്ങനെയല്ലായിരിക്കും ചെയ്യുക. ഞാൻ തട്ടമൊക്കെയിട്ട് സബീനയായി നടക്കുന്നതായിരുന്നു ജയേഷേട്ടന് ഇഷ്ടം. മതം മാറ്റത്തിന് ജയേഷേട്ടന്റെ യാതൊരു ഇൻഫ്ളുവൻസും ഇല്ല.
നമ്മൾ കേട്ടിരിക്കുന്നതെന്നുവച്ചാൽ പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചാൽ പുരുഷന്റെ മതത്തിലേക്ക് മാറുകയെന്നതാണ്. അതിൽ ഒരു കൺഫ്യൂഷൻ ഇല്ലാതിരിക്കാനായിരുന്നു. എനിക്ക് ഹിന്ദു സംസ്‌കാരം ഭയങ്കര ഇഷ്ടമാണ്. ചെറുപ്പംമുതലേ ഡാൻസും പാട്ടുമൊക്കെ പഠിക്കുന്നുണ്ട്. അതിൽ കണ്ണന്റെ കഥകൾ, ശിവന്റെ കഥകൾ, പാർവതി ദേവിയെക്കുറിച്ചൊക്കെ പറയുന്നുണ്ട്. പിന്നെ സംസ്‌കൃത ശ്ലോകം എനിക്ക് പെട്ടന്ന് വഴങ്ങും. ആ ഒരു കൾച്ചറിനോടുള്ള ഇഷ്ടം കൊണ്ടാണ് മതം മാറിയത്. ഇന്നായിരുന്നെങ്കിൽ ഞാൻ പറയും, ഈ സനാതന ധർമത്തിന്റെ ദീക്ഷ എന്ന് പറയുന്നത് ഒരു ജന്മത്തിന്റെ പുണ്യമല്ല. അത് ജന്മ ജന്മാന്തരങ്ങളിൽ നിന്ന് കിട്ടുന്ന പുണ്യത്തിൽ നിന്നാണ് ആ ഒരു വിശ്വാസത്തിലേക്ക് വരുന്നത്. അത് പാലിക്കപ്പെടേണ്ടതുണ്ടെന്ന് എനിക്ക് തോന്നുകയും മനഃപൂർവമായി അത് പഠിക്കാനും അറിയാനും ശ്രമിക്കുകയും ചെയ്തു. ഏകാദശി നോക്കും, എല്ലാ വർഷവും സിസ്റ്റമാറ്റിക്കായി രാമായണം വായിക്കാറുണ്ട്. ദിവസവും രണ്ട് നേരം ലളിതാസഹ്രസ നാമം ജപിക്കും. ദേവീ മഹാത്മ്യം വായിക്കാറുണ്ട്. അങ്ങനെയങ്ങനെ ഹിന്ദു സ്പിരിച്വലാണ് ഞാനിപ്പോൾ.