അകലക്കുന്നം മാതൃകാ കൃഷിഭവൻ ഒരുങ്ങി
Friday 26 September 2025 12:44 AM IST
കോട്ടയം : അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ മാതൃകാ കൃഷിഭവന്റെ നിർമ്മാണം പൂർത്തിയായി. ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 93 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു നിർമ്മാണം. കൃഷി ഓഫീസറുടെ ഓഫീസ്, ഫ്രണ്ട് ഓഫീസ്, കോൺഫറൻസ് മുറി, ഡൈനിംഗ് മുറി, പ്ലാന്റ് ഹെൽത്ത് ക്ലിനിക്, റെക്കോർഡ് മുറി, രണ്ട് ശൗചാലയങ്ങൾ, വെയിറ്റിംഗ് ഏരിയ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ പാർക്കിംഗിനും തൈകളും കാർഷികോപകരണങ്ങളും സൂക്ഷിക്കുന്നതിനും സൗകര്യമുണ്ട്. ഒക്ടോബർ ആദ്യവാരം മന്ത്രി പി. പ്രസാദ് കൃഷിഭവൻ ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ പറഞ്ഞു.