വെസ്റ്റ് ബാങ്കിനെ ഏറ്റെടുക്കാൻ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ട്രംപ്; നിലപാട് കടുപ്പിച്ച് നെതന്യാഹു
വാഷിംഗ്ടൺ: വെസ്റ്റ് ബാങ്കിനെ പിടിച്ചെടുക്കാൻ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുസ്ലീം നേതാക്കൾക്ക് ഉറപ്പ് നൽകിയതായി റിപ്പോർട്ട്. ഈജിപ്ത്, ഇന്തോനേഷ്യ, ജോർദാൻ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, തുർക്കി, യുഎഇ എന്നിവിടങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഗാസയിലെ പശ്ചിമേഷ്യൻ സമാധാനത്തിനായി തങ്ങൾ 21ഇന സമാധാന പദ്ധതി അവതരിപ്പിച്ചതായി യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു. ഇത് ഇസ്രായേലിന്റെയും മറ്റ് അയൽ രാജ്യങ്ങളുടെയും ആശങ്കകൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ അമേരിക്ക ഗാസ ഏറ്റെടുക്കുമെന്നും അവിടെയുള്ള എല്ലാ പാലസ്തീൻകാരെയും പുറത്താക്കി ഗാസയെ ഒരു റിസോർട്ട് ടൗണാക്കി മാറ്റുമെന്നും പറഞ്ഞിരുന്നു.
അതേസമയം ഗാസയിൽ വർദ്ധിച്ചുവരുന്ന മാനുഷിക ദുരന്തങ്ങൾക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുമ്പോഴും തങ്ങളുടെ നിലപാട് മയപ്പെടുത്താതെ കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിട്ട് മുന്നോട്ട് പോവുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൈന്യവും. ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിന് പിന്നാലെ വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത് തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. വെസ്റ്റ് ബാങ്കിനെ വേദഗ്രന്ഥങ്ങളിൽ പറയുന്ന പേരുകളായ ജൂഡിയ എന്നും സമരിയ എന്നും വിശേഷിപ്പിച്ച നെതന്യാഹു, താൻ ജൂത കുടിയേറ്റം ഇരട്ടിയാക്കിയിട്ടുണ്ടെന്നും നിലപാടിൽ ഉറച്ച് നിൽക്കുമെന്നും പറഞ്ഞു.
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിന് പ്രതികരണമായി വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നിർദ്ദേശം മുന്നോട്ട് വയ‌്ക്കുമെന്ന് തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിറും അറിയിച്ചു. കൊലയാളികളായ ഹമാസ് ഭീകരർക്ക് ലഭിച്ച സമ്മാനമാണ് ഈ അംഗീകാരമെന്ന് ബെൻഗ്വിർ ആരോപിച്ചു. ജൂഡിയയിലും സമരിയയിലും ഉടൻതന്നെ പരമാധികാരം പ്രയോഗിക്കാനും പലസ്തീൻ അതോറിറ്റിയെ പൂർണ്ണമായി ഇല്ലാതാക്കാനും ബെൻഗ്വിർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ പ്രമേയം അവതരിപ്പിക്കുമെന്നും ബെൻഗ്വിർ അറിയിച്ചു.
നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയിൽ നിന്നുള്ള ഗതാഗത മന്ത്രി മിരി റെഗേവ്, സാമ്പത്തിക മന്ത്രി നിർ ബർകത്ത് ഉൾപ്പെടെ രണ്ട് മന്ത്രിമാർ കൂടി വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിനുള്ള ഇസ്രായേലിന്റെ പ്രതികരണം ജൂഡിയയിലും സമരിയയിലും പരമാധികാരം പ്രയോഗിക്കുന്നതിലൂടെയായിരിക്കണമെന്ന് നിർ ബർകത്ത് പറഞ്ഞു.