വക്കം റൂറൽ ഹെൽത്ത് സെന്റർ പേരിൽ മാത്രം

Friday 26 September 2025 2:12 AM IST

വക്കം: ഡോക്ടർമാർക്ക് ശമ്പളം നൽകാൻ ഫണ്ടില്ലെന്ന കാരണത്താൽ വക്കം റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്ററിൽ ഒ.പി ചികിത്സാസമയം ഉച്ചവരെയാക്കി ചുരുക്കിയത് രോഗികളെ വലയ്ക്കുന്നു. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് ഹെൽത്ത് സെന്റർ പ്രവർത്തിച്ചിരുന്നത്. എന്നാൽ മാസങ്ങളായി ഉച്ചയ്ക്ക് 2 മുതൽ ഡോക്ടറുടെ സേവനം ലഭ്യമല്ലെന്നുള്ള ബോർഡ് മാത്രമാണ് ഇവിടെയുള്ളത്. ഉച്ചയ്ക്ക് ശേഷമെത്തുന്ന രോഗികൾ കിലോമീറ്റർ താണ്ടി വർക്കലയിലോ, ചിറയിൻകീഴോ,ആറ്റിങ്ങലിലോ ചികിത്സ തേടേണ്ട അവസ്ഥയാണുള്ളത്.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം. വക്കം പുരുഷോത്തമൻ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് ആശുപത്രി റൂറൽ ഹെൽത്ത് സെന്ററായി ഉയർത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മേൽനോട്ടത്തിലുള്ള ഹെൽത്ത് സെന്റർ വക്കം,മണമ്പൂർ,അഞ്ചുതെങ്ങ്,ചെറുന്നിയൂർ,​കടയ്ക്കാവൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു.കിടത്തി ചികിത്സയും പ്രസവ ചികിത്സയുമൊക്കെയായി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനവും 24 മണിക്കൂർ ലഭ്യമായിരുന്നു.

സൗകര്യങ്ങൾ വെട്ടിക്കുറച്ചു

കാലക്രമേണ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയതോടെ ചികിത്സാ സൗകര്യങ്ങൾ വെട്ടിക്കുറച്ചു. ഫാർമസിയിൽ മരുന്നുകളും ആവശ്യത്തിനില്ല.രാവിലെ 9 മുതൽ 2 വരെ ഒ.പിയും രണ്ടു മുതൽ രാത്രി എട്ടുവരെ പുതിയ കെട്ടിടത്തിൽ അത്യാഹിത വിഭാഗവുമാണ് പ്രവർത്തിച്ചിരുന്നത്. ഒ.പിയിൽ ഒരു മെഡിക്കൽ ഓഫീസറും മെഡിക്കൽ വിദ്യാർത്ഥികളും ചില ദിവസങ്ങളിൽ വിദഗ്ദ്ധ ഡോക്ടറുടെ സേവനവും ലഭ്യമായിരുന്നു. അത്യാഹിത വിഭാഗത്തിലും രാത്രി 8 വരെ സേവനമുണ്ടായിരുന്നു.

ഫണ്ട് അനുവദിക്കണം

ശമ്പളമുൾപ്പെടെയുള്ള ബാദ്ധ്യത ചിറയിൻകീഴ് ബ്ലോക്കിന് താങ്ങാനാവില്ലെന്ന കാരണത്താലാണ് ഉച്ചയ്ക്ക് ശേഷമുള്ള അത്യാഹിത വിഭാഗത്തിലെ ചികിത്സ നിറുത്തിയത്. ആശുപത്രി പ്രവർത്തനം സുഗമമായി നടത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന് കൂടുതൽ ഫണ്ട് അനുവദിക്കേണ്ടതുണ്ട്.

കൃത്യമായ സേവനമില്ല,​

പുതിയ കെട്ടിടമുയരുന്നു

പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ജില്ലാ മെഡിക്കൽ മിഷന്റെ ഫണ്ടിൽ നിന്നുള്ള 1.92കോടി രൂപ ചെലവിട്ടാണ് നിർമ്മാണം നടക്കുന്നത്. അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തോടു ചേർന്നാണ് പുതിയ കെട്ടിടനിർമ്മാണം. കിടത്തി ചികിത്സാ സൗകര്യങ്ങളെല്ലാമുള്ള അത്യാഹിതവിഭാഗം നിലവിൽ പ്രവർത്തനമില്ലാതെ പൂട്ടിക്കിടക്കുമ്പോഴാണ് കോടികൾ മുടക്കി പുതിയ കെട്ടിടം പണിയുന്നത്. ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് എത്രയും വേഗം ആശുപത്രിയുടെ പ്രവർത്തനം പഴയപടി നിലനിറുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.