'ഡി അഡിക്ഷന്‍ സെന്ററിലാക്കിയ വീട്ടുകാരോട് കടുത്ത പക'; അവിടെവച്ച് മറ്റൊരു 'ശീലം' ആരംഭിച്ചു
ലക്‌നൗ: കടുത്ത ലഹരി ഉപയോഗത്തിന് പിന്നാലെയാണ് സച്ചിന്‍ എന്ന യുവാവിനെ വീട്ടുകാര്‍ ഡി അഡിക്ഷന്‍ സെന്ററില്‍ എത്തിച്ചത്. യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ വേണ്ടി വീട്ടുകാര്‍ ചെയ്ത ഈ പ്രവര്‍ത്തി പക്ഷേ സച്ചിന്റെ മനസ്സില്‍ കടുത്ത പ്രതികാരമാണുണ്ടാക്കിയത്. ലഹരി മുക്തി കേന്ദ്രത്തിലെ ചികിത്സയും താമസവും തുടരുന്നതിനിടെ വീട്ടുകാരോടുള്ള തന്റെ അമര്‍ഷം തീര്‍ക്കാന്‍ ഇയാള്‍ ഇവിടെവച്ച് പക്ഷേ മറ്റൊരു ശീലത്തിന് അടിമിയാകുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഒരു ലഹരി മുക്ത കേന്ദ്രത്തിലാണ് സച്ചിനെ വീട്ടുകാര്‍ എത്തിച്ചത്. എന്നാല്‍ ഇവിടെവച്ച് ഇയാള്‍ പല്ല് തേക്കാന്‍ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷുകളും സ്പൂണുമൊക്കെ വിഴുങ്ങുന്നത് പതിവാക്കി. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തുകയും തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ, സച്ചിന്റെ വയറ്റില്‍ നിന്ന് 29 സ്റ്റീല്‍ സ്പൂണുകള്‍, 19 ടൂത്ത് ബ്രഷുകള്‍, രണ്ട് പേനകള്‍ എന്നിവ പുറത്തെടുക്കുകയുമായിരുന്നു.
ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന് വളരെ കുറച്ച് ഭക്ഷണം മാത്രമേ ലഭിച്ചിരുന്നുള്ളൂവെന്നും ഇയാള്‍ പറയുന്നു. വീട്ടുകാര്‍ എന്തെങ്കിലും കൊണ്ടുവന്ന് തന്നാല്‍ അത് അന്തേവാസികളുടെ കൈയില്‍ എത്തുമായിരുന്നില്ലെന്നും സച്ചിന്‍ പറയുന്നു. ചപ്പാത്തിയും പച്ചക്കറിയും മാത്രമാണ് സ്ഥിരമായി നല്‍കിയിരുന്നതെന്നും ചില ദിവസങ്ങളില്‍ അതും ലഭിച്ചിരുന്നില്ലെന്നും ഇയാള്‍ പരാതി പറയുന്നുണ്ട്. ഒരു ബിസ്‌കറ്റ് മാത്രം കഴിച്ച് വിശപ്പടക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ടെന്നും പ്രകോപിതനായ സച്ചിന്‍ പറയുന്നു.