പിഴവ് കണ്ടെത്തി സീനിയർ സൂപ്രണ്ടിന്റെ റിപ്പോർട്ട് : പട്ടാനൂർ വ്യവസായ പാർക്ക് സ്ഥലമെടുപ്പിലെ ഉദ്യോഗസ്ഥവീഴ്ചയിൽ നടപടി ഉടൻ

Thursday 25 September 2025 8:43 PM IST

കണ്ണൂർ: പട്ടാനൂരിൽ കിൻഫ്ര വ്യവസായ പാർക്കിന്റെ സ്ഥലമേറ്റെടുപ്പിൽ പിഴവ് സംഭവിച്ചെന്ന് കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ടിന്റെ റിപ്പോർട്ട്. വിഷയത്തിൽ ഗുരുതര വീഴ്ച നടന്നതായി നാളുകൾക്ക് മുമ്പെ വിജിലൻസും കണ്ടെത്തിയിരുന്നു. വിജിലൻസ് കണ്ടെത്തലുണ്ടായിട്ടും തുടർനടപടികൾ വൈകുന്നുവെന്ന് ആക്ഷേപം

നിലനിൽക്കെയാണ് വീഴ്ച സംഭവിച്ചതായി സീനിയർ സൂപ്രണ്ടിന്റെ റിപ്പോർട്ട് പുറത്തുവന്നത്. ക്രമക്കേടിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയിലേക്ക് കടക്കുമെന്നാണ് വിവരം.

പട്ടാനൂരിൽ 672 പേ​രു​ടെ ഭൂ​മിയാണ് വ്യവസായപാർക്കിനായി ഏ​റ്റെ​ടുത്തത്.ഇതിൽ 260 പേ​രു​ടെ ഭൂ​മി​ക്ക് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലെ​ന്ന കാരണം കാട്ടി വിലയായ 82 കോ​ടി കോ​ട​തി​യി​ൽ അടക്കുകയായിരുന്നു.ഇവരിൽ നാല് പേർ പിന്നീട് രേഖകൾ ഹാജരാക്കി നഷ്ടപരിഹാരത്തുക കൈപ്പറ്രി.

ഇത്രയും തുക സർക്കാരിന് ഉപകരിക്കാത്ത രീതിയിൽ നഷ്ടപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കണ്ടെത്തിയത്. ഏറ്റെടുത്ത എല്ലാ സ്ഥലത്തിന്റെയും മഹസ്സർ സാക്ഷികൾ ഒരാളാണെന്നും സ്ഥലം സന്ദർശിച്ച് മുഴുവൻ മഹസ്സറുകളും തയ്യാറാക്കിയത് ഒറ്റ ഉദ്യോഗസ്ഥനാണെന്നും സീനിയർ സൂപ്രണ്ടിന്റെ റിപ്പോർട്ടിലുണ്ട്. കിൻഫ്ര ഓഫീസിൽ ഇയാളെ കൂടാതെ മറ്റ് റവന്യു ഇൻസ്പെക്ടർമാരും ഉണ്ടായിരിക്കെയായിരുന്നു ഈയാൾ മാത്രം സ്ഥലം സന്ദർശിച്ചത്. ഇതാണ് സംശയത്തിനിടയാക്കിയത്. ഇത് ഗുരുതര വീഴ്ചയും സംശയം ഉളവാക്കുന്നതുമാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ ജാഗ്രത കുറവാണ് സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് വിജിലൻസ് റിപ്പോർട്ട്.

അന്വേഷണം മുഖ്യമന്ത്രിയുടെ ഉത്തരവിൽ

സീനിയർ സൂപ്രണ്ട് തയ്യാറാക്കിയ റിപ്പോർട്ടിൽ അ​ന്ന​ത്തെ പ​ട്ടാ​നൂ​ർ വി​ല്ലേ​ജ് ഓ​ഫീസ​ർ​ക്കെ​തി​രെയും തെ​ളി​വു​ക​ളുണ്ടെന്നാണ് വിവരം. വിജിലൻസ് റിപ്പോർട്ടിലും ഈയാൾക്കെതിരെ സൂചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ച കാട്ടിയുള്ള വിജിലൻസ് റിപ്പോർട്ടിൽ നടപടി വൈകിപ്പിച്ചതിനെതിരെ സ്വകാര്യവ്യക്തി മുഖ്യമന്ത്രിക്ക് നൽകിയ പരാതി പ്രകാരമാണ് സീനിയർ സൂപ്രണ്ടിന്റെ അന്വേഷണം നടന്നത്. കഴിഞ്ഞ ജൂൺ 21നാണ് ഡെപ്യൂട്ടി കളക്ടർ കലാഭാസ്കർ സീനിയർ സൂപ്രണ്ടിനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയത്. സൂ​പ്ര​ണ്ട് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ക​ള​ക്ട​ർ ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മി​ഷ​ണ​ർ മു​ഖേ​ന സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കുന്നതിന് പിന്നാലെ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.

പട്ടാനൂർ കിൻഫ്ര പാർക്ക് ഭൂമി ഏറ്റെടുക്കൽ

ഏറ്റെടുത്തത് 474.36 ഏക്കർ

കൈവശക്കാർ 672

നഷ്ടപരിഹാരം 841.82

കോടതിയിൽ കെട്ടിവച്ച നഷ്ടപരിഹാരതുക 82 കോ​ടി