കേസുകൾ തീർക്കാൻ മലപ്പുറം മാതൃക
ഇക്കഴിഞ്ഞ ആഗസ്റ്റ് വരെയുള്ള സ്ഥിതിവിവര കണക്ക് പ്രകാരം ഇന്ത്യയിൽ സുപ്രീംകോടതിയിലും ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലുമായി തീർപ്പാകാതെ കിടക്കുന്ന കേസുകളുടെ എണ്ണം 5 കോടിയിൽ കൂടുതലാണ്. ഇതിൽ 88,417 കേസുകൾ സുപ്രീംകോടതിയിലും, 63.3 ലക്ഷം കേസുകൾ ഹൈക്കോടതികളിലും, 4.6 കോടി കേസുകൾ കീഴ്‌ക്കോടതികളിലുമാണ് തീർപ്പാകാതെ തുടരുന്നത്. ഇതിൽ പല കേസുകളും ദശാബ്ദങ്ങൾ പഴക്കമുള്ളതും വാദിയും പ്രതിയുമൊക്കെ ഇഹലോകവാസം വെടിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞതുമാണ്. അപ്പീലിനു പുറത്ത് അപ്പീൽ നൽകാവുന്ന ഒരു സംവിധാനമാണ് ജുഡിഷ്യറിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്നത്. അതായത്, ഒരു സിവിൽ കേസിൽ തീർപ്പ് വരാൻ കുറഞ്ഞത് കാൽ നൂറ്റാണ്ട് വേണ്ടിവരുമെന്ന് അർത്ഥം. അങ്ങനെ വരുമ്പോൾ നീതി തേടി കോടതികളെ സമീപിക്കുന്നത് അർത്ഥരഹിതമായ ഒരു സംഗതിയായി മാറുന്നില്ലേ എന്ന ആശങ്ക അതിശക്തമായി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
വളരെ വൈകി ലഭിക്കുന്ന നീതിയും നീതിനിഷേധവുമായി വലിയ അന്തരമില്ല എന്ന യാഥാർത്ഥ്യം നീതിന്യായ വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്. കേസുകൾ തീർപ്പാകാതെ തുടരുന്നതിനെക്കുറിച്ച് രാജ്യത്ത് പല പഠനങ്ങളും നടന്നിട്ടുണ്ട്. പല ഘട്ടങ്ങളിലും ലാ കമ്മിഷൻ വിലപ്പെട്ട പല നിർദ്ദേശങ്ങളും മുന്നോട്ടു വച്ചിട്ടുമുണ്ട്. ഇതിൽ പലതും നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇനിയും ഇന്ത്യൻ ജുഡിഷ്യറിയുടെ വേഗത കൂടി എന്ന് പറയാനാകില്ല. എന്നാൽ പഴയ കാലങ്ങളിൽ നിന്ന് ഏറെ മെച്ചപ്പെട്ടു എന്നതും കാണാതിരിക്കാനാകില്ല. കേസുകളിൽ തീർപ്പില്ലാതെ തുടരുന്നതിന് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത് ന്യായാധിപന്മാരുടെ എണ്ണക്കുറവാണ്. പത്തുലക്ഷം പേർക്ക് ഒരു ജഡ്‌ജി വീതമാണ് ഉള്ളത്. ഇത് 50 ആക്കി മാറ്റണമെന്നാണ് ലാ കമ്മിഷന്റെ ശുപാർശ. ഇത് ഇനിയും നടപ്പായിട്ടില്ല.
കേസുകൾ തീരാൻ വൈകുന്നതിൽ വക്കീലന്മാരുടെ താത്‌പര്യക്കുറവും നിസഹരണവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കേസ് വേഗം തീർന്നാൽ അവരുടെ വരുമാനവും വേഗം നിലയ്ക്കും. ഇതൊക്കെയാണെങ്കിലും മനസുവച്ചാൽ ഏതു കേസും തീരുമെന്ന് കാണിച്ചുതരുന്ന ഒരു മലപ്പുറം മാതൃക ഉയർന്നുവന്നിരിക്കുന്നത് കൂരിരുട്ടിനിടയിൽ സ്‌ഫുടതാരകം പോലെ നമുക്ക് ആശ്വാസവും നേർവഴിയും കാട്ടിത്തരുന്നതാണ്. കേസുകൾ പതിറ്റാണ്ടുകൾ നീണ്ടുപോകുന്നത് പതിവായിരിക്കെ, 86 ദിവസത്തിനിടെ 1000 കേസുകൾ പരിഹരിച്ച് മലപ്പുറം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. കേസുകൾ അതിവേഗം തീർക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച 'മീഡിയേഷൻ ഫോർ ദ നേഷൻ" ക്യാമ്പയിൻ സംസ്ഥാനത്ത് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി കെ. സനിൽകുമാറിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുകയായിരുന്നു.
ക്യാമ്പയിൻ വിജയിപ്പിക്കാൻ വക്കീലന്മാരും അവിടെ വളരെ ആവേശത്തോടെ മുന്നിട്ടിറങ്ങി. കേസുകൾ അതിവേഗത്തിൽ തീർപ്പാകുന്നത് ബോദ്ധ്യപ്പെട്ടതോടെ പിടിവാശികൾ വിട്ട് കക്ഷികളും കൂടുതൽ താത്‌പര്യത്തോടെ ക്യാമ്പയിനുമായി സഹകരിച്ചു. 584 കേസുകൾ തീർപ്പാക്കിയ തൃശൂർ ജില്ല രണ്ടാം സ്ഥാനത്തും 581 കേസുകൾ പരിഹരിച്ച ആലപ്പുഴ ജില്ല മൂന്നാം സ്ഥാനത്തുമെത്തി. അപകട ക്ളെയിം, വൈവാഹിക കേസുകൾ, ചെക്ക് മടങ്ങൽ, ഗാർഹിക അതിക്രമം, സിവിൽ കേസുകൾ തുടങ്ങിയവ മദ്ധ്യസ്ഥ ശ്രമത്തിലൂടെ തീർക്കുന്ന ഈ ക്യാമ്പയിന് മലപ്പുറം ഒരു വലിയ മാതൃകയായി മാറിയത് രാജ്യത്തെ മറ്റ് കോടതികൾക്കും പ്രചോദനമായി മാറുമെന്ന് പ്രതീക്ഷിക്കാം.