സെൻട്രൽ ജയിലിലെ മൊബൈൽ ഫോൺ വ്യാപനം; പിന്നണിയിലുള്ളവരെ പൂട്ടാൻ പ്രത്യേക അന്വേഷണ സംഘം

Thursday 25 September 2025 8:59 PM IST

പള്ളിക്കുന്ന്: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ മൊബൈൽ ഫോണുകളുടെ വ്യാപനം ഗുരുതര സുരക്ഷാപ്രശ്നമായതിനെ തുടർന്ന് ഒമ്പതംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജിന്റെ നേതൃത്വത്തിലുള്ള സംഘം ജയിലിലേക്കുള്ള മൊബൈൽ ഫോൺ ഉപയോഗവും ലഹരി വസ്തുകടത്തും അന്വേഷിക്കും.

കഴിഞ്ഞ രണ്ട് മാസങ്ങളിൽ മാത്രം എട്ട് മൊബൈൽ ഫോണുകളാണ് ജയിലിൽ നിന്ന് പിടിച്ചെടുത്തത്. കണ്ണൂർ ടൗൺ പൊലീസാണ് ഇവയിൽ കേസെടുത്തത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഐഫോൺ അടക്കം 30 മൊബൈൽ ഫോണുകൾ ജയിലിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പതിനാല് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചാർജറുകൾ, ഇയർഫോണുകൾ, പവർബാങ്കുകൾ, ബാറ്ററി ഉപകരണങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

ഫോണുകൾ ഒളിപ്പിക്കും തെങ്ങിൻമണ്ടയിൽ വരെ തടവുകാർ ഫോണുകൾ ഒളിപ്പിക്കാൻ ഉപയോഗിക്കുന്ന രീതികൾ അമ്പരപ്പിക്കുന്നതാണ്. ടാങ്കുകൾക്കടിയിലും വെന്റിലേഷൻ ഭാഗത്തും ബ്ലോക്കുകളുടെ പിന്നിലുമൊക്കെയാണ് ഫോൺ ഒളിപ്പിച്ചു വെക്കുന്നത്. ആറാം ബ്ലോക്കിന് സമീപത്തുള്ള തെങ്ങിന്റെ മുകളിൽ നിന്നുവരെ ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്.

പുറത്തേക്ക് നീളുന്ന മാഫിയ നെറ്റ് വർക്ക് മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും ജയിലിലേക്ക് എറിഞ്ഞ് കൊടുക്കുന്ന മൂന്നംഗ സംഘത്തെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഓരോ ഇനത്തിനും ആയിരം രൂപ വീതം പ്രതിഫലം ലഭിക്കുന്നുണ്ടെന്നും തടവുകാരുടെ സുഹൃത്തുകൾ വഴിയാണ് സാധനങ്ങൾ ഓർഡർ ചെയ്യുന്നതെന്നുമാണ് അറസ്റ്റിലായവർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടുമാസം മുമ്പ് സൗമ്യ വധകേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽനിന്ന് രക്ഷപ്പെട്ടതിന് പിന്നാലെയുണ്ടായ അന്വേഷണത്തിൽ ജയിലിലെ അതീവ ഗൗരവകരമായ സുരക്ഷാവീഴ്ചകൾ സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ജയിലിൽ മൊബൈൽ ഫോണുകൾ എളുപ്പത്തിൽ ലഭ്യമാണെന്ന് ഗോവിന്ദച്ചാമി തന്നെ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് ഈ വിഷയത്തിൽ ഗൗരവമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്.