പൂട്ടാൻ പാടുപെടും ഭൂട്ടാൻ മാഫിയയെ
ഭൂട്ടാനിൽ നിന്നുള്ള ആഢംബര വാഹനക്കടത്തു കേസിൽ കസ്റ്റംസിന്റെ കണ്ടെത്തലുകൾ ഗൗരവമേറിയതാണ്. കേരള തീരം മുതൽ ഹിമാലയം വരേയും അതിനപ്പുറത്തേക്കും നീളുന്ന റാക്കറ്റ്. സെലിബ്രിറ്റികൾ ഉൾപ്പെടുന്ന കസ്റ്റമർ ശൃംഖല... അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. മറ്റ് കേന്ദ്ര ഏജൻസികളും രംഗത്തുണ്ട്. എന്നാൽ അന്വേഷണം എത്രത്തോളം മുന്നേറും? ചെറുമീനുകളെ മാത്രം വലയിലാക്കി അവസാനിപ്പിക്കുമോ? അന്വേഷണ ഉദ്യോഗസ്ഥന്റെ വാർത്താ സമ്മേളനം വിലക്കി ഉന്നതതലത്തിൽ നിന്ന് വന്ന ഫോൺ കോളിന്റെ അർത്ഥമെന്താണ്? ഇതെല്ലാമാണ് ഇനി അറിയേണ്ടത്.
സമീപകാലത്ത് കസ്റ്റംസ് നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്നാണ് ഓപ്പറേഷൻ 'നുംഖോർ". സിനിമാതാരങ്ങളുടേതടക്കം 36 കാറുകൾ പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് വാഹനങ്ങൾ കടത്തിക്കൊണ്ടു വന്നത് വ്യാജരേഖകൾ ചമച്ചാണ്. ഇതിനായി കരസേനയുടേയും ഇന്ത്യ- യു.എസ് എംബസികളുടേയും വ്യാജ സീലുകളുമുണ്ടാക്കി. ഭൂട്ടാൻ സൈന്യം ലേലം ചെയ്ത കരുത്തുറ്റ വാഹനങ്ങളാണ് അതേപടിയും പൊളിച്ചു പീസാക്കിയും വാഹനമാഫിയ ഇന്ത്യയിലെത്തിച്ചത്. ഒരു ലക്ഷം മുതൽ മൂന്നുലക്ഷം വരെയാണ് മുതൽമുടക്ക്. വാഹനങ്ങൾ ഹിമാചൽ പ്രദേശിലെ ഷിംലയിലെത്തിച്ച് മോഡിഫൈ ചെയ്തു. ഇത്തരം ഇറക്കുമതി നിയമവിരുദ്ധമായിട്ടുകൂടി റീ രജിസ്ട്രേഷനും തരപ്പെടുത്തി. ഇതിനായി എം പരിവഹൻ വെബ് സൈറ്റിലൂടെയും കൃത്രിമം നടത്തി.
മുഖം മിനുക്കിയെത്തിയ വണ്ടികൾ ഇടനിലക്കാർ വഴിയും യൂസ്‌ഡ് കാർ ഷോറൂമുകൾ വഴിയും ചൂടപ്പം പോലെ വിറ്റഴിച്ചു. 25 ലക്ഷം മുതൽ 40 ലക്ഷത്തിന് വരെ വിറ്റുപോയി. രജിസ്ട്രേഷനിൽ നികുതിവെട്ടിപ്പുണ്ടായി. നിസാൻ പട്രോൾ, ടൊയോട്ട ലാൻഡ് ക്രൂസർ, ലാൻഡ് റോവർ ഡിഫൻഡർ ഉൾപ്പെടെ ആയിരത്തിലധികം വാഹനങ്ങളാണ് സമീപകാലത്ത് അതിർത്തി കടന്നുവന്നത്. 150ലധികം വാഹനങ്ങൾ കേരളത്തിലുമെത്തി. അറിഞ്ഞോ അറിയാതെയോ ഈ വണ്ടികൾ വാങ്ങിയവരിൽ വണ്ടിക്കച്ചവടത്തിലും യാത്രകളിലും കമ്പമുള്ള ചലച്ചിത്ര താരങ്ങളും ഉൾപ്പെട്ടു. ദുർഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ തുടങ്ങിയ താരങ്ങളുടെ സങ്കേതങ്ങൾ കസ്റ്റംസ് റെയ്ഡു ചെയ്തു. വാഹനങ്ങളോ രേഖകളോ പിടിച്ചെടുത്തി. ദുൽഖറിന്റെ പിതാവ് നടൻ മമ്മൂട്ടിയുടെ പഴയ വസതിയിലും റെയ്ഡുണ്ടായി. ഓപ്പറേഷൻ നുംഖോറിൽ അന്വേഷണം തുടരുകയാണ്. 'നുംഖോർ' എന്നാൽ ഭൂട്ടാൻ ഭാഷയിൽ 'വാഹനം' എന്നാണ്.
ഹിമാലയൻ 'ടാസ്‌ക് "
വിദേശത്ത് നിന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിയമപരമായ നൂലാമാലകൾ അനവധിയാണ്. വിദേശ ഇന്ത്യക്കാർ അവർ തങ്ങുന്ന രാജ്യത്ത് 3 വർഷത്തിൽ കൂടുതൽ കാലം ഉടമസ്ഥതയിൽ കൈവശം വയ്ക്കുന്ന വാഹനങ്ങൾ മാ ത്രമാണ് 160% തീരുവ നൽകി കൊണ്ടുവരാൻ അനുവാദമുള്ളത്. കസ്റ്റംസിൽ നിന്ന് ഇറക്കുമതി ലൈസൻസ് വാങ്ങുന്നതുൾപ്പെടെ സങ്കീർണമായ നടപടിക്രമങ്ങളും പൂർത്തിയാക്കണം. ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ ഹെഡ്‌ലൈറ്റ് വേണം. സ്പീഡോമീറ്ററിൽ കിലോമീറ്റർ തന്നെയാകണം (മൈൽ അനുവദനീയമല്ല). ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് വാഹനങ്ങൾ എത്തിച്ചത്. കരസേനയുടെ അടക്കം വ്യാജമുദ്രകൾ ഉണ്ടാക്കിയ മാഫിയയ്ക്ക് പിന്നിൽ വമ്പന്മാരുണ്ടെന്നതിൽ തർക്കമില്ല. വൻതോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ഡോ.ടി. ടിജു സൂചിപ്പിക്കുകയും ചെയ്തു. അക്കൗണ്ട് വഴിവാങ്ങാതെ നേരിട്ടാണ് പണമിടപാടെല്ലാം. വാഹനങ്ങൾ കടത്തുന്നതിന്റെ മറവിൽ സ്വർണവും മയക്കുമരുന്നും എത്തിക്കുന്നതായും സംശയമുണ്ട്.
പലകുറി കൈമാറും
പണവും മറിയും
ആഡംബര കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കണ്ടെത്തിയ രേഖകളിലൊന്ന്, ഈ ഇടപാടുകളുടെ റൂട്ട് വ്യക്തമാക്കുന്നതാണ്. 2022 സെപ്തംബറിൽ ടൊയോട്ട പ്രാഡോ കാർ വിറ്റതിന്റേതാണ് ആ രേഖ. ഹിമാചലിലെ വാഹന ഏജന്റ് ആദ്യം ഡൽഹി മായാപുരിയിലുള്ള വിൽപനക്കാരനാണ് കാർ കൈമാറിയത്. ഒരുലക്ഷം രൂപയ്ക്കായിരുന്നു വിൽപന. ഇതു കേരളത്തിൽ 40 ലക്ഷം രൂപയ്ക്കു മറിച്ചുവിറ്റു. ഇത്തരം നൂറ്റിയൻപതിലേറെ വാഹനങ്ങളാണ് കേരളത്തിലെത്തിയത്. ഈ വാഹനങ്ങൾ ആരൊക്കെ വാങ്ങിയെന്ന പട്ടിക കംസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും കൊല്ലത്തും തിരുവനന്തപുരത്തുമെല്ലാം ഈ വാഹനങ്ങൾ ഓടുന്നുണ്ട്.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്ന് കഴിഞ്ഞദിവസം പിടിച്ചടുത്തത് 15 കാറുകളാണ്. മലപ്പുറം വെട്ടിച്ചിറയിലെ ഷോറൂമിൽനിന്ന് 13 കാറുകളും കുറ്റിപ്പുറം, കോഴിക്കോട് തൊണ്ടയാട് എന്നിവിടങ്ങളിൽ നിന്ന് ഒന്നു വീതവും കാറുകൾ പിടിച്ചെടുത്തു. തൃശൂർ പാലിയേക്കരയിലെ ബാഡ് ബോയ് മോട്ടോർ വേൾഡ് എന്ന വർക്ക്‌ഷോപ്പിലും റെയ്ഡ് നടത്തി. സമീപത്തെ പെട്രോൾ പമ്പിൽ 2 നമ്പർ പ്ലേറ്റുകൾ അഴിച്ചുവച്ച നിലയിലും കണ്ടെത്തി.
വാഹന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിന് ഇ.ഡി, എൻ.ഐ.എ, ഡി.ആർ.ഐ, ഇൻകം ടാക്സ് തുടങ്ങിയ കേന്ദ്ര ഏജൻസികളും രംഗത്തുവന്നിരിക്കുകയാണ്. എല്ലാം പൊളിച്ചടക്കുമെന്ന പ്രതീതിയാണ് നിലനിൽക്കുന്നത്. എന്നാൽ മലപോലെ വന്നത് എലിപോലെ പോകുമോ എന്ന സംശയം തുടക്കത്തിലെ ഉയർന്നിട്ടുണ്ട്. അതിന് കാരണവുമുണ്ട്. സൈന്യത്തിന്റെ വ്യാജ മുദ്രയുണ്ടാക്കാനും എം പരിവാഹൻ സൈറ്റിൽ കൃത്രിമം കാട്ടാനും ശേഷയുള്ള വൻതോക്കുകളാണ് പിന്നണിയിലുള്ളത്. റെയ്ഡിൽ നാണം കെട്ടത് വലിയ സെലിബ്രിറ്റികളാണ്. ഓപ്പറേഷന്റെ വിവരങ്ങൾ മാദ്ധ്യമങ്ങളെ അറിയിക്കാൻ വാർത്താസമ്മേളനം വിളിച്ച അന്വേഷണ ഉദ്യോഗസ്ഥൻ, മുകളിൽ നിന്ന് ഫോൺ കോൾ വന്നതോടെ വിളറുന്നത് ജനം ലൈവായി കണ്ടതാണ്. വാർത്താസമ്മേളനം ഉടൻ അവസാനിപ്പിക്കാൻ അദ്ദേഹം നിർബന്ധിതനായി. പ്രസിദ്ധീകരണത്തിന് നൽകാനിരുന്ന പത്രക്കുറിപ്പ് വരെ തിരുത്തേണ്ടിവന്നു. കാർ വാങ്ങിയ താരങ്ങൾക്ക് രേഖകൾ സമർപ്പിച്ചു നിരപരാധിത്വം തെളിയിക്കാമെന്നാണ് ഇപ്പോഴത്തെ നിലപാട്. ബാഹ്യശക്തികളുടെ സ്വാധീനം അത്രയ്ക്കുണ്ട്. മുമ്പ് സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസുകൾ കൊടുങ്കാറ്റു പോലെ വന്നതാണ്. കസ്റ്റംസ് തുടക്കമിട്ട് മറ്റ് കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തു. കേരളഭരണം താഴെ വീഴുമെന്ന് ജനം വിചാരിച്ചു. എന്നാൽ ഇപ്പോൾ ഒന്നും കേൾക്കാനില്ല. കേസിന് പിന്നാലെ തൂങ്ങിനടക്കുന്നത് ചില ഇടനിലക്കാർ മാത്രമാണെന്നതാണ് അനുഭവം.