കണ്ണൂരിന്റെ ഹൃദയത്തിൽ 'രണ്ടാം ദസറ'

Friday 26 September 2025 2:14 AM IST

മൈസൂർ കൊട്ടാരത്തിന്റെ പ്രതാപകാലം പോലെതന്നെ ഗംഭീരമായി, കണ്ണൂരിന്റെ സാംസ്‌കാരിക ആകാശത്ത് കണ്ണൂർ ദസറ. 'രണ്ടാം ദസറ" എന്നറിയപ്പെടുന്ന ഈ അസാധാരണ ആഘോഷം, ഒരു കാലത്ത് മൈസൂരിനു തൊട്ടുപിന്നാലെ പ്രശസ്തരായ ദസറാഘോഷങ്ങളുടെ പൈതൃകം വഹിച്ചിരുന്ന കണ്ണൂരിന്റെ ചരിത്രം പുനരാവിഷ്‌കരിക്കുകയാണ്. സെപ്തംബർ 23 മുതൽ ഒക്ടോബർ 1 വരെ കണ്ണൂർ കലക്ട്രേറ്റ് മൈതാനത്തിൽ അരങ്ങേറുന്ന ഈ മഹോത്സവം, കേവലമൊരു ആഘോഷമല്ല അത് സാംസ്‌കാരിക സമ്പന്നതയുടെ, വിശ്വാസത്തിന്റെയും കലയുടെയും സമന്വയത്തിന്റെ ദർശനമാണ്.

ചരിത്രത്തിന്റെ പുനരുജ്ജീവനം

കൊവിഡിന് ശേഷം 2022ൽ പുനരാരംഭിച്ച കണ്ണൂർ ദസറ, വർഷങ്ങളോളം മുടങ്ങിക്കിടന്ന സാംസ്‌കാരിക പാരമ്പര്യത്തിന്റെ പുനരുദ്ധാരണമായിരുന്നു. 'കളറാക്കാം ദസറ, കളയാം ലഹരിക്കറ" എന്ന മുദ്രാവാക്യത്തോടെ തുടങ്ങിയ ഈ യാത്ര, കഴിഞ്ഞവർഷം 'കാണാം ദസറ, കരുതാം ഭൂമിയെ" എന്ന പരിസ്ഥിതി ബോധവത്ക്കരണത്തിന്റെ സന്ദേശവുമായി മുന്നോട്ടുപോയി. ഈ വർഷത്തെ 'പങ്കുവയ്ക്കാം സ്‌നേഹം, പങ്കുചേരാം ദസറ" എന്ന മുദ്രാവാക്യം, കേവലം വാക്കുകളല്ല മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന തത്ത്വചിന്തയാണ്. ജാതി-മത-ഭാഷാ വ്യത്യാസങ്ങളെല്ലാം അതിക്രമിച്ച് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വേദിയായി കണ്ണൂർ മാറുന്നു.

നവരാത്രിയുടെ ആത്മീയ മാഹാത്മ്യം

ദേവിയുടെ വിദ്യാകലാഭാവങ്ങളെ ഒൻപതു ദിവസങ്ങളിലായി ഉപാസിക്കുന്ന നവരാത്രി കാലയളവിൽ, കണ്ണൂർ നഗരത്തിലെ ക്ഷേത്രങ്ങൾ ദീപപ്രകാശത്താൽ നിറഞ്ഞ് ആത്മീയ ഉണർവിന്റെ കേന്ദ്രങ്ങളായി മാറുന്നു. ഏഴ് നൂറ്റാണ്ടിന് മുമ്പ് ജീവിച്ച മുനീശ്വരന്റെ സമാധി സ്ഥലമായ മുനീശ്വരൻ കോവിൽ ഈ ആഘോഷത്തിന്റെ ആത്മീയ കേന്ദ്രബിന്ദുവാണ്. മൂകാംബിക ദേവിയുടെ പ്രത്യക്ഷദർശനം ലഭിച്ച വിശുദ്ധസ്ഥലമെന്ന ഐതിഹ്യം ഈ കോവിലിനു പ്രത്യേക മഹത്വം നൽകുന്നു. ഇന്ത്യയിലെ പ്രമുഖ സംഗീതജ്ഞരിൽ ഭൂരിഭാഗവും ഇവിടെ സംഗീതാർച്ചന നടത്തിയിട്ടുള്ളതും ഈ കോവിലിന്റെ സാംസ്‌കാരിക പ്രാധാന്യത്തിന് സാക്ഷ്യമാണ്. തെക്കി ബസാർ കാഞ്ചി കാമാക്ഷിയമ്മൻ കോവിലിലെ അന്നദാനം മനുഷ്യസ്‌നേഹത്തിന്റെ മറ്റൊരു മാതൃകയാണ്. ഒൻപതു ദിവസങ്ങളിലും ആയിരങ്ങൾ ഇവിടെ പ്രസാദ സദ്യ കഴിച്ച് തൃപ്തിയടയുന്നു. ഭക്ഷണമില്ലെന്നു പറഞ്ഞ് ആരെയും മടക്കിയയച്ച പാരമ്പര്യമില്ലാത്ത ഈ കോവിലിൽ നൂറുകണക്കിനാളുകൾ സ്വന്തം കാര്യങ്ങൾ മറന്ന് സേവനത്തിൽ ഏർപ്പെടുന്നു.

ഒൻപതു ദിവസങ്ങളിലായി അരങ്ങേറുന്ന സാംസ്‌കാരിക സമ്മേളനങ്ങളും കലാപരിപാടികളും കണ്ണൂർ ദസറയുടെ പ്രത്യേകതകളാണ്. സാംസ്‌കാരിക സമ്മേളനത്തിനായി പ്രമുഖ നേതാക്കന്മാരും കലാകാരന്മാരും കണ്ണൂരിൽ ഒത്തുചേരുന്നു.

വ്യാപാരോത്സവം

വെറുമൊരു സാംസ്‌കാരിക ആഘോഷമായി ദസറയെ കണ്ടുകൊണ്ടല്ല കണ്ണൂർ കോർപ്പറേഷൻ മുന്നോട്ടുപോയത്. വാണിജ്യ മേഖലയെയും ഉത്തേജിപ്പിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ ഈ വർഷത്തെ പ്രത്യേകതയാണ്. ആഗസ്ത് 25ന് ആരംഭിച്ച് ഒക്ടോബർ 10വരെ നീണ്ടുനിൽക്കുന്ന ഈ ഫെസ്റ്റിവലിൽ, കോർപ്പറേഷൻ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾക്ക് കൂപ്പണുകൾ നൽകുന്നു. ബംബർ സമ്മാനമായി ബെലേനോ കാർ, രണ്ടാം സമ്മാനമായി അഞ്ചുപേർക്ക് ജൂപ്പിറ്റർ സ്‌കൂട്ടർ, മൂന്നാം സമ്മാനമായി 50 പേർക്ക് സ്മാർട്ട് ഫോൺ, കൂടാതെ 500 പേർക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ എന്നിവയുള്ള നറുക്കെടുപ്പ് ഒക്ടോബർ 15ന് നടക്കും. വ്യാപാരികളുടെ സംഘടനകൾ ഈ പദ്ധതിക്ക് പരിപൂർണ പിന്തുണ നൽകുന്നു.

പ്രകാശലോകം ദസറയോടനുബന്ധിച്ച് കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ദീപാലങ്കാരങ്ങളാൽ വർണപ്രപഞ്ചമായി മാറി. സോണൽ അടിസ്ഥാനത്തിലും കോർപ്പറേഷൻ അടിസ്ഥാനത്തിലും മികച്ച ദീപാലങ്കാരങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നത് ഈ മത്സരാത്മക ശ്രമങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു. സംഗീതവും നൃത്ത ചുവടുകളും വൈദ്യുത ദീപങ്ങളും ഒരുക്കുന്ന മായക്കാഴ്ചകൾ, രാവേറും വരെ ഒഴുകിയെത്തുന്ന ജനസഞ്ചയം, ഉത്സവ ലഹരിയിലായുള്ള നഗരം ഇതെല്ലാം കണ്ണൂർ ദസറയുടെ ആവേശജനകമായ ചിത്രങ്ങളാണ്.

സംഘാടക മികവിന്റെ മാതൃക

കേരളത്തിൽ ഒരു കോർപ്പറേഷൻ ഒൻപതു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾ ഏറ്റെടുത്തു നടത്തുന്നു എന്ന ഖ്യാതി കണ്ണൂർ ദസറയ്ക്കുണ്ട്. മുൻ മേയർ ടി.ഒ മോഹനന്റെ കാലത്ത് തുടങ്ങിയ ഈ പരമ്പര നിലവിലെ മേയർ മുസ്ലിഹ് മഠത്തിലിന്റെ കാലത്തും സജീവമായി മുന്നോട്ടു പോകുന്നു. ഏറ്റവും പ്രശംസനീയമായ കാര്യം, ദസറയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗം മാരകരോഗങ്ങൾ ബാധിച്ച് ജീവിതത്തിന്റെ ഇരുട്ടിൽ കഴിയുന്നവർക്കുവേണ്ടി ചെലവഴിക്കുന്നു എന്നതാണ്. ഇത് കണ്ണൂർ ദസറയുടെ മാനവികമായ മുഖമാണ്. കക്ഷി രാഷ്ട്രീയത്തിന്റെ കൊടിയോ മറ്റു ചിഹ്നങ്ങളോ ഉപയോഗിക്കാതെ വിശാലമായ ജനസഞ്ചയത്തെ ചേർത്തുനിറുത്താൻ കോർപ്പറേഷനു കഴിയുന്നുണ്ടെന്നതും ആഘോഷത്തിന്റെ മഹത്വമാണ്. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിലെ പാട്ടുകൂട്ടം തയ്യാറാക്കിയ സ്വാഗത ഗാനം കണ്ണൂരിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ സുന്ദരമായ പ്രതിഫലനമായിരുന്നു. ചലചിത്ര ഗാനരചയിതാവ് വൈശാഖ് സുഗുണൻ രചിച്ച വരികളിലും ഷൈജു പള്ളിക്കുന്നിന്റെ സംവിധാനത്തിലും കണ്ണൂരിന്റെ ചിറകലും അറകലും തറികളും തിറകളുമെല്ലാം ചേരുന്ന മനോഹര ചിത്രം അവതരിപ്പിച്ചു. 1610-ൽ വാഡിയാർ രാജാവ് ആരംഭിച്ച മൈസൂർ ദസറയുടെ രാജകീയ പൈതൃകത്തിന് സമാനമായി, കണ്ണൂർ ദസറയും ഒരു സാംസ്‌കാരിക ബ്രാൻഡായി വളർന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂർ ടൂറിസത്തിന്റെ ബ്രാൻഡ് ഐക്കണായി കണ്ണൂർ ദസറയെ വളർത്തിയെടുക്കേണ്ട ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ മൈസൂരിൽ എത്തുന്നതുപോലെ, കണ്ണൂർ ദസറയും അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കാൻ കഴിവുള്ളതാണ്. കണ്ണൂർ ദസറയുടെ യഥാർത്ഥ മഹത്വം അതിന്റെ ഗാംഭീര്യത്തിലോ കലാപരിപാടികളിലോ മാത്രമായി ഒതുങ്ങുന്നില്ല. മനുഷ്യത്വത്തെ ഒന്നിപ്പിക്കുന്ന അതിന്റെ ശക്തിയിലാണ് അതിന്റെ യഥാർഥ മൂല്യം. മതത്തിന്റെയും ജാതിയുടെയും എല്ലാ അതിരുകൾക്കും അതീതമായി മനുഷ്യരെ ഒന്നിപ്പിക്കാനുള്ള ഈ മഹത്തായ ശ്രമം കണ്ണൂർ ദസറയെ കേവലമൊരു ആഘോഷത്തിൽ നിന്ന് മാനവികതയുടെ ഉത്സവമാക്കി ഉയർത്തുന്നു.