മയ്യഴി പുഴയോര ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് സ്പീക്കർ ന്യൂമാഹിയിൽ ബോട്ട് ജെട്ടി ഉടൻ

Thursday 25 September 2025 9:37 PM IST

ന്യൂമാഹി :ന്യൂമാഹിയിലെ ബോട്ട് ജെട്ടി ഉടൻ ആരംഭിച്ച് മയ്യഴി പുഴയോര ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ. ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ന്യൂമാഹി ടൗൺ ബ്യൂട്ടിഫിക്കേഷൻ പ്രോജക്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. ചൊക്ലി പഞ്ചായത്തിന്റെ ഭാഗമായ പാത്തിക്കൽ കക്കടവ് ബോട്ട് ജെട്ടി കോർത്തിണക്കിക്കൊണ്ട് ബോട്ട് സവാരി ആരംഭിക്കാനായി സ്വകാര്യ സംരംഭകരെ സ്വാഗതം ചെയ്യുന്നുവെന്ന് സ്പീക്കർ പറഞ്ഞു.

ജനകീയ പങ്കാളിത്തോടെയും സ്‌പോൺസർഷിപ്പ് അടിസ്ഥാനത്തിലും ന്യൂമാഹി ടൗണിലും പഞ്ചായത്തിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും സൗന്ദര്യവൽക്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ന്യൂമാഹി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുസ്വകാര്യ പാർട്ണർഷിപ്പ് മോഡലിലൂടെ ന്യൂമാഹി ടൗൺ ബസ് സ്റ്റോപ്പ് നവീകരിക്കുകയും മാഹിപാലത്തും മയ്യഴിപ്പുഴയോരത്തും ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. പുന്നോൽ സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ ട്രാഫിക് ഐലൻഡ് നവീകരിച്ചു. ചെടിച്ചട്ടികൾ സ്ഥാപിച്ച് ന്യൂമാഹി ടൗൺ പരിസരം സൗന്ദര്യവൽക്കരിക്കുകയും ചെയ്തു. കൂടാതെ പുന്നോൽ പെട്ടിപ്പാലത്തിന്റെ മുകളിൽ കൈവരിയിൽ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമേ മാഹി ലയൺസ് ക്ലബ്ബിന്റെ സഹായത്തോടെ ന്യൂ മാഹി ടൗണിൽ വടകര ഭാഗത്തേക്ക് പോകുന്നവർക്ക് ബസ് കാത്തുനിൽക്കാൻ ഒരു ബസ് ഷെൽട്ടറും ഇതിനോടകം നിർമ്മിച്ചിട്ടുണ്ട്.

ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സെയ്തു അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, വാർഡ് അംഗം വി.കെ. മുഹമ്മദ് തമീം, പഞ്ചായത്ത് സെക്രട്ടറി കെ.എ.ലസിത തുടങ്ങിയവർ പങ്കെടുത്തു.