'വയോ സേവന" പ്രഭയിൽ നെടുമങ്ങാട് നഗരസഭ

Friday 26 September 2025 1:31 AM IST

നെടുമങ്ങാട് : സംസ്ഥാന സർക്കാരിന്റെ വയോ സേവന പുരസ്കാരം നെടുമങ്ങാട് നഗരസഭയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. വയോജനങ്ങൾക്കായി നടപ്പിലാക്കിയ മികച്ച പ്രവർത്തനങ്ങൾക്ക് സേവന പുരസ്കാരം ലഭിക്കുന്ന സംസ്ഥാനത്തെ ഒന്നാമത്തെ നഗരസഭയായി മാറുകയാണ് നെടുമങ്ങാട്. വൃദ്ധസദനത്തിന്റെ മികച്ച പ്രവർത്തനവും ഏഴു വയോക്ലബുകളിലായി 300ലേറെ വയോജനങ്ങൾക്ക് മൂന്ന് നേരത്തെ ഭക്ഷണ വിതരണവും പ്രത്യേക പരാമർശത്തിന് ഇടയാക്കി. മാനസികോല്ലാസ ഉപാധികളും കെയർ ടേക്കർമാരും നഗരസഭാ വൃദ്ധസദനത്തിലുണ്ട്.വയോജനങ്ങൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ഏർപ്പെടുത്തിയതും ശ്രദ്ധേയമായി. നഗരപരിധിയിൽ 1200 പേർക്ക് കട്ടിൽ ഹിയറിംഗ്,എയ്ഡ് വാക്കിംഗ് സ്റ്റിക്,വീൽ ചെയർ എന്നിവ നൽകുന്നുണ്ടെന്നും നാൽപതോളം വയോജന അയൽക്കൂട്ടങ്ങളുടെ പ്രവർത്തനം മാതൃകാപരമാണെന്നും നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ,വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഹരികേശൻ നായർ,ബി.സതീശൻ,എസ്.അജിത,വസന്തകുമാരി എന്നിവർ പറഞ്ഞു. ഒക്ടോബർ 2ന് തൃശൂരിൽ വയോ സേവന പുരസ്കാരം വിതരണം ചെയ്യും.