ബിന്ദുപദ്മനാഭൻ കൊലപാതകം: സെബാസ്റ്റ്യന്റെ മൊഴിയിൽ തെളിവുതേടി ക്രൈംബ്രാഞ്ച്

Friday 26 September 2025 1:52 AM IST

ചേർത്തല : കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭനെ കൊലപ്പെടുത്തിയെന്ന സെബാസ്റ്റ്യന്റെ മൊഴിയിൽ തെളിവുകണ്ടെത്താൻ ക്രൈംബ്രാഞ്ച്. കസ്റ്റഡിയിൽ ലഭിച്ച സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്തു തുടങ്ങി. ബിന്ദുവിനെ കൊലപ്പെടുത്തിയെന്നതിനപ്പുറം കൂടുതൽ വിവരങ്ങൾ ഇയാൾ നൽകിയിട്ടില്ലെന്നാണ് വിവരം.കൊലപാതകം എവിടെ നടന്നെന്നതും മൃതദേഹാവശിഷ്ടങ്ങൾ എവിടെയെന്നതുമുൾപ്പെടെയുള്ള കാര്യങ്ങൾ സെബാസ്റ്റ്യനിൽനിന്ന് അറിയേണ്ടതുണ്ട്. ചോദ്യം ചെയ്യലുമായി സെബാസ്റ്റ്യൻ സഹകരിക്കാത്തത് വെല്ലുവിളിയാണ്. 2017ൽ പട്ടണക്കാട് പൊലീസ് ആരംഭിച്ച അന്വേഷണമാണ് ഇപ്പോൾ സംസ്ഥാന ക്രൈംബ്രാഞ്ച് തുടരുന്നത്. സഹോദരിയെ കാണാനില്ലെന്നു കാട്ടി ബിന്ദുപത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ നൽകിയ പരാതിയിൽ സെബാസ്റ്റ്യന്റെ പങ്ക് ചൂണ്ടികാട്ടിയായിരുന്നു. 2006 ജൂൺ വരെ അച്ഛൻ പത്മനാഭപിള്ളയുടെ പേരിലുള്ള കുടുംബപെൻഷൻ ബിന്ദു ചേർത്തല ട്രഷറിയിൽ നിന്ന് കൈപ്പറ്റിയിരുന്നു. ഇതിനു ശേഷമാണ് ഇവർകൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടർന്ന് ഒറ്റപ്പെട്ട ബിന്ദു 2002 മുതലാണ് വസ്തുഇടനിലക്കാരനായ പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യനുമായി പരിചയത്തിലായത്. ഇവരുടെ കോടികൾ വിലമതിക്കുന്ന ഭൂമി വിറ്റതിലടക്കം ഇയാളായിരുന്നു ഇടനിലക്കാരൻ. ബിന്ദു കൊല്ലപ്പെട്ടതായി കരുതുന്ന 2006നു ശേഷമാണ് സെബാസ്റ്റ്യൻ ബിന്ദുവിന്റെ പേരിലുള്ള വസ്തുക്കൾ വ്യാജരേഖകളുണ്ടാക്കി കച്ചവടം നടത്തിയത്. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കൊലപ്പെടുത്തികേസിലെ ചോദ്യംചെയ്യലിനിടെയാണ് സെബാസ്റ്റ്യൻ ബിന്ദുവിനെയും കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയത്.

സെബാസ്റ്റ്യന്റെ 'വെളിപ്പെടുത്തലിൽ' തകർന്നത് പൊലീസിന്റെ വിശ്വാസ്യത ബിന്ദുപത്മനാഭൻ കൊല്ലപ്പെട്ടതാണെന്ന സെബാസ്റ്റ്യന്റെ കുറ്റസമ്മതം തകർത്തത് പ്രാഥമിക അന്വേഷണം നടത്തിയ ലോക്കൽ പൊലീസിന്റെ വിശ്വാസ്യത. ബിന്ദുപത്മനാഭൻ തിരോധാന കേസിലെ പ്രാഥമിക അന്വേഷണത്തിൽ സംശയ നിഴലിലായ സെബാസ്റ്റ്യനെ പൊലീസ് സംരക്ഷിച്ചതായി ആക്ഷേപമുയർന്നിരുന്നു. പട്ടണക്കാട് പൊലീസ് തുടങ്ങിയ അന്വേഷണം നേരായവഴിക്കു നീങ്ങിപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിൽ ആസൂത്രിതമായി വഴിതെറ്റിക്കുകയായിരുന്നെന്നാണ് ആക്ഷേപം ഉയർന്നത്. സർവീസിൽ നിന്നും വിരമിച്ച രണ്ട് ഉദ്യോഗസ്ഥർക്കെതിരെ സേനക്കുള്ളിൽ നിന്നുതന്നെ കടുത്ത വിമർശനം ഉണ്ടായി. അന്നു സെബാസ്റ്റ്യനെ കുടുക്കിയിരുന്നെങ്കിൽ ജെയ്നമ്മയുടെ ജീവൻ നഷ്ടപ്പെടുമായിരുന്നില്ല. 2017ൽ കാര്യക്ഷമമായ അന്വേഷണം നടന്നിരുന്നെങ്കിൽ ബിന്ദുപദ്മനാഭൻ കേസിൽ സെബാസ്റ്റ്യൻ കുടുങ്ങുമായിരുന്നു.എന്നാൽ കാര്യമായ പരിശോധനകളോ അന്വേഷണമോ നടത്താതെ ഇയാളെ സംരക്ഷിക്കുകയായിരുന്നു. സെബാസ്റ്റ്യന്റെ വീട്ടിൽ പോലും പേരിനുമാത്രമാണ് പരിശോധനകൾ നടത്തിയത്. പ്രാഥമിക അന്വേഷണത്തിലെ തെളിവുകളുടെ അഭാവമാണ് തുടരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിനും വെല്ലുവിളിയായത്‌.സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കോട്ടയം ക്രൈംബ്രാഞ്ച് കണ്ടെത്തിയ അസ്ഥി കഷണങ്ങൾ ഡി.എൻ.എ പരിശോധനയ്ക്ക് അയച്ച് മാസങ്ങൾ കഴിഞ്ഞെങ്കിലും ഫലം വരാത്തത് തുടരന്വേഷണത്തിന് വിലങ്ങു തടിയായിട്ടുണ്ട്.