കോടതിപ്പാലം നവീകരണം തടസപ്പെടുത്തി മഴ

Friday 26 September 2025 12:55 AM IST

ആലപ്പുഴ : ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമായത് കോടതിപ്പാലത്തിന്റെ നവീകരണപ്രവർത്തനങ്ങൾക്ക് തടസമായി. കനാലിന്റെ തെക്കേക്കരയിൽ പൈലിംഗ് ജോലികൾ പുരോഗമിക്കുന്നതിനിടെ മഴയെത്തിയതോടെ റോഡും നിർമ്മാണ സ്ഥലവും ചെളിക്കുണ്ടായി മാറി. കാറും ഓട്ടോറിക്ഷയുമുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് അനുവാദം നൽകിയിരുന്ന റോഡിൽ വെള്ളവും ചെളിയും നിറഞ്ഞതോടെ ഇതുവഴി യാത്ര ദുഷ്കരമാണ്.

വാഹനങ്ങളിൽ നിന്ന് ചെളിതെറിച്ചു വീഴാതെയുള്ള യാത്ര അസാദ്ധ്യമായി. പൈലിംഗിനാവശ്യമായ പില്ലറുകൾക്കായുള്ള ഇരുമ്പ് കമ്പികളുടെ വെൽഡിംഗ് ജോലികളും മഴയെത്തുടർന്ന് നിലച്ചു. പൈലിംഗും നിർത്തിവച്ചിരിക്കുകയാണ്. കാൽനടയൊഴികെ ഗതാഗതം പൂർണമായും തടഞ്ഞാലേ തെക്കേക്കരയിൽ നിർമ്മാണജോലികൾ വേഗത്തിലാക്കാൻ കഴിയൂ. രണ്ടരമാസം കഴിഞ്ഞ് മുല്ലയ്ക്കൽ ചിറപ്പ് ആരംഭിക്കാനിരിക്കെ അതിന് മുമ്പ് പൈലിംഗ് ജോലികൾ പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. മഴ വകവയ്ക്കാതെ വാട്ടർ അതോറിട്ടി പഴയ പൈപ്പ് ലൈൻ നീക്കം ചെയ്യുന്ന ജോലി തുടരുന്നുണ്ട്. പുതിയ വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചെങ്കിലും ലൈനുകളും ട്രാൻസ് ഫോമറുകളും മാറ്റി സ്ഥാപിക്കുന്ന കെ.എസ്.ഇ.ബിയുടെ ജോലികളിൽ കാര്യമായ മുന്നേറ്റമില്ല.

പൈലിംഗ് നിറുത്തി

1.മഴയിൽ ചെളിയും വെള്ളവും ഒലിച്ച് നിർമ്മാണസ്ഥലത്താകെ വ്യാപിച്ചതിനാൽ പൈലിംഗ് ജോലികൾ തൽക്കാലത്തേക്ക് നിറുത്തിവച്ചിരിക്കുകയാണ്

2.ഓണത്തിന് തൊട്ടുപിന്നാലെ തെക്കേക്കരയിലെ നിർമ്മാണ ജോലികൾ വേഗത്തിലാക്കാനായിരുന്നു കെ.ആർ.എഫ്.ബിയുടെയും കരാർ കമ്പനിയുടെയും തീരുമാനം

3.കനാലിന്റെ തെക്കേക്കരയിലെ പൈലിംഗ് വേഗത്തിലാക്കാൻ കരാർകമ്പനി ഒരു റിഗ് കൂടി സ്ഥലത്തെത്തിച്ചെങ്കിലും മഴ മാറാതെ ഇത് പ്രവർത്തിപ്പിക്കാൻ കഴിയില്ല

4.നാല് റിഗുകൾ ഒരുപോലെ പ്രവർത്തിപ്പിച്ച് മുല്ലയ്ക്കൽ ചിറപ്പിന് മുന്നോടിയായി തെക്കേക്കരയിലെ പൈലിംഗ് ജോലികൾ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം

മത്സ്യകന്യക നീക്കം ചെയ്യൽ

നാളെ ചർച്ചയായേക്കും

വടക്കേക്കരയിലെ ശേഷിക്കുന്ന പൈലിംഗ് പൂർത്തിയാക്കുന്നതിന് തടസമായ മത്സ്യകന്യക പ്രതിമ നീക്കൽ നാളത്തെ ജില്ലാ വികസന സമിതിയോഗത്തിൽ ചർച്ചയായേക്കും. മത്സ്യകന്യകയുടെ ഭാഗത്തെ ഒരു തൂണിന്റെയും കോടതിപ്പാലത്തിന്റെ ഭാഗത്തെ മൂന്ന് തൂണുകളുടെയും പൈലിംഗുമാണ് വടക്കേക്കരയിൽ ഇനി ശേഷിക്കുന്നത് മത്സ്യകന്യകയെ മാറ്റി സ്ഥാപിക്കുന്നതിൽ കിഫ് ബിക്ക് സമർപ്പിച്ച ടെണ്ടറിന് അംഗീകാരം ലഭിക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണം.

നിർമ്മാണത്തിന്റെ പേരിൽ നിരന്തരമുണ്ടാകുന്ന വൈദ്യുതിതടസം മുല്ലയ്ക്കൽ, കോടതിപ്പാലം, ഔട്ട്പോസ്റ്റ് ഭാഗത്തെ വ്യാപാരസ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്

- വ്യാപാരികൾ