കൊയ്‌തൊഴിഞ്ഞ പാടം പോലെ ഇന്ദിരാ ഭവൻ

Saturday 28 September 2019 1:00 AM IST

തിരുവനന്തപുരം: കൊയ്ത്തു കഴിഞ്ഞ് കളംപിരിഞ്ഞ പാടത്തിന്റെ അവസ്ഥയിലായിരുന്നു ഇന്നലെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവൻ.സദാ തിക്കിത്തിരക്കുന്ന നേതാക്കളുടെ നിഴൽ പോലുമില്ല. ആകെ മൂകത. ഓഫീസിലെ ജീവനക്കാരും മാദ്ധ്യമപ്രവർത്തകരും മാത്രം.ചുരുക്കം ചില പ്രാദേശിക നേതാക്കളും.

രാവിലെ ഒമ്പതു മണിയോടെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെത്തി.പാലായിൽ മാണി.സി.കാപ്പന്റെ മുന്നേറ്രം തുടങ്ങിക്കഴിഞ്ഞിരുന്നു. അതിന്റെ അസ്വസ്ഥത മുഖത്ത് പ്രകടം. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും ഒന്നാം നിലയിലെ പ്രസിഡന്റിന്റെ മുറിയിലെത്തി. ചെറിയ ചില വർത്തമാനങ്ങൾ. ആശങ്ക മൂവരുടെയും ശരീരഭാഷയിൽ വ്യക്തം.കാപ്പന്റെ ലീഡ് താപമാപിനിയിലെ രസനിരക്ക് കണക്കെ മെല്ലെ ഉയരുന്നത് ടി.വിയിൽ കണ്ട നേതാക്കളുടെ മുഖത്ത് പിരിമുറുക്കം കൂടി.

രാജ്ഭവനിലെത്തി മനുഷ്യാവകാശ കമ്മിഷൻ അംഗത്വത്തിൽ നിന്നുള്ള രാജി ഗവർണർക്ക് കൈമാറിയ ശേഷം വട്ടിയൂർക്കാവിലെ നിയുക്ത സ്ഥാനാർത്ഥി കെ.മോഹൻകുമാറും പ്രസിഡന്റിന്റെ മുറിയിലെത്തി.ഒപ്പം മണക്കാട് സുരേഷും.മാദ്ധ്യമങ്ങളിലെ കാമറാമാന്മാർ പിന്നാലെ പാഞ്ഞെത്തി.പരസ്പരം തിരഞ്ഞെടുപ്പ് കാര്യങ്ങൾ പറഞ്ഞെങ്കിലും മാദ്ധ്യമങ്ങളോട് ഒന്നുമുരിയാടാൻ നേതാക്കൾ കൂട്ടാക്കിയില്ല. മുത്തോലി പഞ്ചായത്തിലെ ബൂത്തുകൾ എണ്ണിത്തുടങ്ങി.മാണി സി.കാപ്പന്റെ ലീഡ് 4458 ൽ നിന്ന് 3724 ആയി കുറഞ്ഞു. നേതാക്കളുടെ മുഖത്ത് ഒരുതരി വെട്ടം തെളിഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ കാപ്പന്റെ ലീഡ് മുകളിലേക്ക് . അതോടെ പ്രതീക്ഷ കൈവിട്ട മട്ടിലായി ഏവരും. പ്രസിഡന്റിനോടും മറ്റും യാത്രപറഞ്ഞ് മോഹൻകുമാർ വിജയം കൈവിട്ടെന്ന് ഉറപ്പായതോടെ ബെന്നിബഹനാനും പുറത്തേക്ക്. , തോൽവിയിലെ അസ്വസ്ഥത കേരളാ കോൺഗ്രസിന്റെ ഉച്ചിക്കു പതിക്കും വിധമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ദിരാഭവനിൽ പിന്നെ ശേഷിച്ചത് മുല്ലപ്പള്ളിയും കൊടിക്കുന്നിലും മാത്രം. ഉച്ചയ്ക്കു രണ്ടിന് വാർത്താ സമ്മേളനത്തിനെത്തിയപ്പോഴേക്കും സാഹചര്യവുമായി പൊരുത്തപ്പെട്ട വിധത്തിലായി മുല്ലപ്പള്ളിയുടെ ഭാവം.