പേട്ടകാശ് പിരിവ് : അരിയങ്ങാടിയും നായരങ്ങാടിയും സ്തംഭിച്ചു

Friday 26 September 2025 12:00 AM IST

തൃശൂർ: വ്യാപാരി പ്രതിഷേധത്തിൽ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ അരിയങ്ങാടിയും നായരങ്ങാടിയും സ്തംഭിച്ചു. കോർപറേഷന്റെ അന്യായമായ പേട്ടകാശ് പിരിവിൽ പ്രതിഷേധിച്ച് ചേംബർ ഒഫ് കോമേഴ്‌സിന്റെ നേതൃത്വത്തിൽ അരിയങ്ങാടി, നായരങ്ങാടി മേഖലകളിൽ മുഴുവൻ സ്ഥാപനങ്ങളും അടച്ചിട്ട് പ്രതിഷേധിച്ചു. മറ്റ് മാർക്കറ്റുകളിൽ ഇല്ലാത്തതും എന്നാൽ വണ്ടിപേട്ട അല്ലാത്ത അരിയങ്ങാടി, നായരങ്ങാടി മേഖലകളിൽ ചരക്ക് വാഹനങ്ങൾ വരുമ്പോൾ അവരിൽ നിന്ന് കോർപറേഷൻ പേട്ടകാശ് അമിതമായി വാങ്ങുന്നതിനെതിരെയാണ് പ്രതിഷേധം. നിരവധി തവണ കോർപറേഷൻ അധികൃതരോട് പിരിവ് നിറുത്തണമെന്നാവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് സെക്രട്ടറി സോളി തോമസ് കവലക്കാട്ട് പറഞ്ഞു. സോളി തോമസ്, സിജോ ചിറക്കേക്കാരൻ, ആൻഡ്രൂസ് മഞ്ഞില, ജോഷി മാത്യു, ആൽഫ്രഡ് ഡേവിഡ്, പി.എസ്. സുനിൽ, ജോയ് പാലിശേരി, പി. കെ. സുബ്രഹ്മണ്യൻ, അനന്തനാരായണൻ, സന്തോഷ് രാമ സ്വാമി എന്നിവർ നേതൃത്വം നൽകി.