നാടകോത്സവക്കാലത്തിന് തുടക്കം , സഹായത്തിന്റെ പടിയടച്ച് അക്കാഡമി: പെടാപ്പാടിൽ സംഘാടകർ

Friday 26 September 2025 12:00 AM IST

തൃശൂർ: ആസ്വാദകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കി നാടകോത്സവക്കാലം വന്നെത്തിയതോടെ നാടകങ്ങൾ അരങ്ങിലെത്തിക്കാനുള്ള പെടാപ്പാടിൽ സംഘാടകർ. സംഗീത നാടക അക്കാഡമിയിലെ തിയറ്ററുകളുടെ ഉയർന്ന വാടകയാണ് പ്രധാന കടമ്പ. ചെറുനാടക സംഘങ്ങളെയും പ്രൊഫഷണൽ നാടക ട്രൂപ്പുകളെയും പ്രോത്സാഹിപ്പിക്കാനായി സംഗീത നാടക അക്കാഡമിയുടെ സഹായം വേണ്ടവിധം ലഭിക്കുന്നില്ലെന്നാണ് പരാതി. അക്കാഡമി ആസ്ഥാനത്തെ കെ.ടി. മുഹമ്മദ് റീജ്യണൽ തിയേറ്റർ, ആക്ടർ മുരളി തിയേറ്റർ, തോപ്പിൽ ഭാസി ബ്ലാക്ക് ബോക്‌സ് തുടങ്ങി വേദികൾ പലതുണ്ടെങ്കിലും ഉയർന്ന വാടകമൂലം ഇവ സംഘങ്ങൾക്ക് ലഭ്യമാകുന്നില്ല.

റീജ്യണൽ തിയറ്ററിന് എട്ടുമണിക്കൂറിന് 16,600 രൂപയും 14 മണിക്കൂറിന് 24,800 രൂപയുമാണ് ഈടാക്കുന്നത്. ശബ്ദ വെളിച്ച ശീതീകരണ സംവിധാനങ്ങളും ജനറേറ്ററും കൂടി ഉപയോഗപ്പെടുത്തിയാൽ ഏകദേശം 50,000 രൂപയോളം ചെലവഴിക്കേണ്ടിവരും. പ്രൊഫഷണൽ സംഘങ്ങളെ നാടകോത്സവ അരങ്ങിൽ എത്തിക്കാനും തുക ചെലവഴിക്കണം. ഏഴ് മുതൽ പത്ത് ദിവസം വരെ നീണ്ടുനിൽക്കുന്ന നാടകോത്സവങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയാണ് ചെലവ്. ശബ്ദ വെളിച്ച സംവിധാനങ്ങൾ മികച്ചതല്ലെങ്കിലും ടൗൺ ഹാൾ പോലുള്ള വേദികളിലാണ് ടാസ് നാടകോത്സവം ഉൾപ്പെടെ അരങ്ങേറുന്നത്. ഒരു ദിവസം കാൽ ലക്ഷത്തിലേറെ രൂപ റീജ്യണൽ തിയേറ്ററിന് നൽകേണ്ടി വരുമ്പോൾ പലരും 2500 രൂപ വാടകയുള്ള ടൗൺ ഹാൾ തെരഞ്ഞെടുക്കും.

സഹായിക്കാതെ കോർപറേഷനും ജില്ലാ പഞ്ചായത്തും

മുൻകാലങ്ങളിൽ കോർപറേഷനും ജില്ലാ പഞ്ചായത്തും സഹായം നൽകിയിരുന്നെങ്കിലും 2018ലെ പ്രളയശേഷം ഇവ നിറുത്തി. 10000 മുതൽ 25,000 രൂപ വരെയുള്ള സഹായമാണ് നൽകിയിരുന്നത്. പ്രളയത്തിന് പിന്നാലെ കൊവിഡും വന്നതോടെ പ്രതിസന്ധി രൂക്ഷമായി. സ്‌പോൺസർഷിപ്പുകൾ കണ്ടെത്തിയാണ് മിക്ക നാടകോത്സവങ്ങളുടെയും സംഘാടനം.

റീജ്യണൽ തിയറ്റർ

വാടക (നോൺ എ.സി):

എട്ട് മണിക്കൂറിന്: 16, 600

14 മണിക്കൂറിന്: 24,800 (എ.സി): 35000 (അഞ്ച് മണിക്കൂറിന്)

ബ്ലാക്ക് ബോക്‌സ്

വാടക: 6000 (എട്ട് മണിക്കൂറിന്)

8000 (14 മണിക്കൂറിന്)

നാട്യഗൃഹം: വാടക (നോൺ എ.സി): 2500

(എ.സി): 12,000

(ടാക്‌സ്, ജനറേറ്റർ വാടക, ഡീസൽ ഉൾപ്പെടെ അധികമായി നൽകേണ്ടിവരും)