ഭൂട്ടാൻ വാഹനക്കടത്ത്: ഇടനിലക്കാരെ തേടി കസ്റ്റംസ്

Friday 26 September 2025 1:52 AM IST

crime

കൊച്ചി: നികുതിവെട്ടിച്ചും നിയമവിരുദ്ധമായും ഭൂട്ടാൻ നിന്ന് കടത്തിയ കൂടുതൽ ആഡംബര വാഹനങ്ങൾ കണ്ടെത്താൻ ഇടനിലക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് കസ്റ്റംസ്. കാറുകൾ കടത്തിക്കൊണ്ടുവരികയും ഇന്ത്യയിൽ രജിസ്ട്രേഷൻ നടത്തി മറിച്ചുവിൽക്കുകയും ചെയ്യുന്ന ഇടനിലക്കാരുടെ വിശദാംശങ്ങളാണ് ശേഖരിക്കുന്നത്.

നടൻ അമിത് ചക്കാലയ്‌ക്കലിൽ നിന്ന് ഇന്നലെയും മൊഴിയെടുത്തു. താരങ്ങളെയുൾപ്പെടെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. ബുധനാഴ്ച ചോദ്യം ചെയ്തതിന് പിന്നാലെയാണ് അമിത്തിനെ വീണ്ടും വിളിപ്പിച്ചത്. കൈവശമുള്ള വാഹനങ്ങളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം ഹാജരാക്കാൻ നിർദ്ദേശിച്ചു. അമിതിന്റെ വർക്‌ഷോപ്പിലും പരിശോധന നടത്തി.

പിടിച്ചെടുത്തവയിൽ ലാൻഡ് ക്രൂസർ മാത്രമാണ് തന്റേതെന്ന് അമിത് പറഞ്ഞു. മറ്റ് അഞ്ചു കാറുകൾ ഗ്യാരേജിൽ പണികൾക്കായി കൊണ്ടുവന്നതാണ്. തന്റെ വാഹനത്തിന്റെ രേഖകൾ കൈമാറി. മറ്റു വാഹനങ്ങളുടെ ഉടമകളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

കടത്തിക്കൊണ്ടു വന്നതെന്ന് കരുതുന്ന 38 ആഡംബരകാറുകളാണ് കസ്റ്റംസ് കസ്‌റ്റഡിയിലെടുത്തത്. ഇവയുടെ മുഴുവൻ ഉടമകൾക്കും രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിത്തുടങ്ങി. ആവശ്യമെങ്കിൽ വിളിപ്പിച്ച് വിശദവിവരങ്ങൾ ശേഖരിക്കും. കാറുകൾ എങ്ങനെ വാങ്ങി, ആരുവഴി തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക.