ഭക്ഷണം വേണ്ട, പൈസ മതി നഗരത്തിൽ ബാല ഭിക്ഷാടനം പെരുകുന്നു

Friday 26 September 2025 2:00 AM IST

തിരുവനന്തപുരം: കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷയെടുക്കുന്നവരുടെ എണ്ണം തലസ്ഥാനത്ത് വർദ്ധിക്കുന്നു. തിരക്കേറിയ പ്രധാന ജംഗ്ഷനുകളിൽ,സിഗ്നൽ കാത്തുകിടക്കുന്നവർക്ക് അരികിലേക്കാണ് കുഞ്ഞുങ്ങളുമായെത്തി ഭിക്ഷ യാചിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്നുള്ള നാടോടി കുടുംബങ്ങളാണ് ഇത്തരത്തിൽ കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷയാചിക്കുന്നത്. കൂട്ടത്തിലെ 6 മുതൽ 10 വയസുള്ള പെൺകുട്ടികൾ തനിച്ചും ഭിക്ഷയാചിക്കുന്നുണ്ട്.

വെയിലേറ്റ് വലഞ്ഞ മട്ടിൽ ദയനീയമായാണ് ഭിക്ഷയാചിക്കുന്നത്.കൊടുത്തില്ലെങ്കിൽ സിഗ്നലിൽ പച്ചകത്തും വരെ പിന്നാലെ കൂടും. ഭക്ഷണം നൽകിയാലും പൈസ മതിയെന്ന് പറയും.

കിഴക്കേകോട്ട,പാളയം,കുമാരപുരം,പള്ളിമുക്ക്,പേട്ട,ചാക്ക,മെഡിക്കൽ കോളേജ് തുടങ്ങിയ ജംഗ്ഷനുകളിലാണ് ഇവരുടെ ശല്യം രൂക്ഷം. കൂടുതൽ പണം ലഭിക്കാൻ കുട്ടികളുടെ ദേഹത്ത് മുറിപ്പാടുകൾ വരുത്തുന്ന സംഭവങ്ങളുമുണ്ട്.ഉത്സവ സീസണുകളിലാണ് കൂട്ടത്തോടെ ഇവർ കേരളത്തിലേക്കെത്തുന്നത്. ഓണത്തിനെത്തിയ പല സംഘങ്ങളും ഇതുവരെ മടങ്ങിയിട്ടില്ല. നവരാത്രിയാഘോഷങ്ങൾ ആരംഭിച്ചതോടെ ക്ഷേത്ര പരിസരങ്ങളിലും തമ്പടിക്കുന്നുണ്ട്.

ബാലഭിക്ഷാടനം ബാലനീതി നിയമം 2015 പ്രകാരം അഞ്ചുവർഷം വരെ തടവും ഒരു ലക്ഷം വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെങ്കിലും പലരും നിയമം അനുശാസിക്കുന്നില്ല.

കീചെയിൻ,കമ്മൽ,ബൊമ്മ തുടങ്ങിയ വിവിധതരം ഉത്പന്നങ്ങളുമായാണ് സംഘം ആദ്യം തലസ്ഥാനത്തെത്തിയത്. പിന്നീടാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്.സിഗ്നലിൽ കിടക്കുന്ന കാറുകളുടെ ഗ്ലാസുകൾ ഉടമകൾ ആവശ്യപ്പെടാതെ തന്നെ തുടച്ചും മുതിർന്നവർ പണം ആവശ്യപ്പെടുന്നുണ്ട്.

പരാതികൾ അനവധി

കുട്ടികളെയും ഒക്കത്തുവച്ച് സ്ത്രീകളും ഭിക്ഷയെടുക്കുന്നുണ്ട്.അടുത്തകാലത്ത് നിരവധി പരാതികൾ ലഭിച്ചതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിബ ബീഗം കേരളകൗമുദിയോട് പറഞ്ഞു. തങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്.അടുത്തിടെ ഇത്തരത്തിൽ രണ്ട് കുട്ടികളെയും അമ്മയെയും രക്ഷിച്ചു.എന്നാൽ, സ്ത്രീ വല്ലാതെ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. അവരെ മാനസിക ചികിത്സാകേന്ദ്രത്തിലേക്കും കുട്ടികളെ ഷെൽറ്റർ ഹോമിലേക്കും മാറ്റിയെന്നും അവർ കൂട്ടിച്ചേർത്തു. പൊലീസ് വിലക്കുമ്പോൾ മറ്റ് ഇടങ്ങളിലേക്ക് ചേക്കേറും.