ഭക്ഷണ സാധനങ്ങള്‍ സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കാറുണ്ടോ? വിഷമായി മാറാന്‍ വരെ സാദ്ധ്യത

Thursday 25 September 2025 11:05 PM IST

നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും കാണപ്പെടുന്ന ഒന്നാണ് സ്റ്റീല്‍ പാത്രങ്ങള്‍. സ്റ്റീല്‍ പാത്രങ്ങള്‍ ഇല്ലാത്ത അടുക്കളകള്‍ ഇല്ലെന്ന് തന്നെ പറയാം. വൃത്തിയാക്കാനുള്ള എളുപ്പം, കാലങ്ങളോളം കേടാകാതെ ഈട് നില്‍ക്കും എന്നീ കാരണങ്ങളാണ് സ്റ്റീല്‍ പാത്രങ്ങളെ ജനപ്രിയമാക്കുന്നത്. വീട്ടില്‍ ഉണ്ടാക്കുന്നതും പുറത്ത് നിന്ന് വാങ്ങുന്നതുമായ നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സ്റ്റീല്‍ പാത്രങ്ങളില്‍ നാം സൂക്ഷിക്കാറുമുണ്ട്. എന്നാല്‍ എല്ലാ ഭക്ഷണ സാധനങ്ങളും അത്തരത്തില്‍ സൂക്ഷിക്കുന്നത് ദോഷമാണെന്നാണ് പറയപ്പെടുന്നത്.

എല്ലാ ഭക്ഷണങ്ങളും സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നതാണ് പ്രധാന തകരാറ്. ചില ഭക്ഷണ സാധനങ്ങള്‍ സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ചാല്‍ കാലക്രമേണ അവയുടെ രുചിയും ഘടനയും മാറുകയും പോഷകാംശം നഷ്ടപ്പെടുകയും ചെയ്യും. മുറിച്ച് കഷ്ണങ്ങളാക്കിയ പഴങ്ങള്‍ ഒരിക്കലും സ്റ്റീല്‍ പാത്രങ്ങളില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. മിക്‌സഡ് ഫ്രൂട്ട്‌സ് പോലുള്ളവ സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ചാല്‍ അവ നനഞ്ഞ് പോകുകയും രൂചിയില്‍ മാറ്റം വരികയും ചെയ്യും.

വാഴപ്പഴം, ഓറഞ്ച് പോലെ കട്ടി കുറഞ്ഞ പഴങ്ങള്‍ സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ നല്ലത് അവ ഗ്ലാസ് പാത്രങ്ങളില്‍ സൂക്ഷിക്കുന്നതാണ്. വായു കടക്കാത്ത ഗ്ലാസ് പാത്രങ്ങള്‍ ഭക്ഷ്യ യോഗ്യമായ പ്ലാസ്റ്റിക് പാത്രങ്ങള്‍ എന്നിവയില്‍ സൂക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതുപോലെ തന്നെ പുളിപ്പുള്ള പഴങ്ങളും സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല. ഇത് പഴങ്ങളുടെ അസിഡിറ്റി നശിക്കുന്നതിന് കാരണമാകും.

ലോഹങ്ങളുമായി പ്രതിപ്രവര്‍ത്തിക്കാന്‍ സാദ്ധ്യതയുള്ള അച്ചാറുകളും സ്റ്റീല്‍ പാത്രങ്ങളില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. തക്കാളിയും സ്റ്റീല്‍ പാത്രങ്ങളില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല. അസിഡിക് കണ്ടെന്റുകളുള്ള തൈരും സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ചാല്‍ അതിന്റെ രുചി മാറാനുള്ള സാദ്ധ്യതയുണ്ട്.