കൊച്ചി പീഡനക്കേസിലെ പ്രതി മാർട്ടിൻ കീഴടങ്ങി
പേരാമംഗലം : കൊച്ചി ഫ്ളാറ്റ് പീഡനക്കേസിലെ പ്രതിയായ മാർട്ടിൻ ജോസഫിനെ പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ പേരാമംഗലം സ്റ്റേഷനിൽ വന്ന് കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ചയാണ് തൃശൂർ അടാട്ടെയുളള ഒരു സ്വകാര്യ ഫ്ളാറ്റിൽവച്ച് യുവതിയെ കുത്തിയ ശേഷം മാർട്ടിൻ മുങ്ങിയത്. ഗുരുതരമായി പരിക്കേറ്റ മുളങ്കുന്നത്തുകാവ് സ്വദേശിനി ശാർമിള (26) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൈപ്പറമ്പ് പുറ്റേക്കര സ്വദേശിയായ മാർട്ടിൻ ജോസഫും ശാർമിളയും മുതുവറയിലെ സ്വകാര്യ ഫ്ളാറ്റിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കമാണ് ശാർമിളയെ കുത്താൻ ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയുമായി പേരാമംഗലം പൊലീസ് തെളിവെടുപ്പ് നടത്തി. 2021ൽ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ കണ്ണൂർ സ്വദേശിനിയായ യുവതിയെ ഒരു വർഷത്തോളം പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിയാണ് മാർട്ടിൻ. ഡേറ്റിംഗ് ആപ്പ് വഴിയാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്.