വീണ്ടും രാജ,​ തീരുമാനം സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിൽ

Friday 26 September 2025 12:42 AM IST

ചണ്ഡിഗഡ്: പ്രായപരിധിയിൽ ഇളവു നൽകി തമിഴ്നാട് സ്വദേശിയും ദളിത് മുഖവുമായ ഡി.രാജയെ (76) ജനറൽ സെക്രട്ടറിയായി സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസ് നിലനിറുത്തി. 125 അംഗ ദേശീയ കൗൺസിലിനെയും 31 അംഗ ദേശീയ എക്സിക്യുട്ടീവിനെയും 11 അംഗ ദേശീയ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. സംസ്ഥാന കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ, ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചോലോസ് എന്നിവർ ദേശീയകൗൺസിലിൽ പുതുമുഖങ്ങൾ. 75വയസ് പ്രായപരിധി കഴിഞ്ഞ മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ, അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരുടെ ഒഴിവിലാണിത്.

കെ.പ്രകാശ്ബാബുവും രാജ്യസഭാംഗം പി.സന്തോഷും ദേശീയ സെക്രട്ടേറിയറ്റിലെത്തിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഒഴിഞ്ഞു. 2019ൽ സുധാകർ റെഡ്ഡി ആരോഗ്യകാരണങ്ങളാൽ ഒഴിഞ്ഞപ്പോൾ സ്ഥാനമേറ്റ രാജയ്‌ക്ക് 2022ലെ വിജയവാഡ പാർട്ടി കോൺഗ്രസിൽ തുടർച്ച ലഭിച്ചിരുന്നു.

പ്രായപരിധി പാലിക്കണമെന്ന കേരള, തമിഴ്നാട്, തെലങ്കാന, ആന്ധ്ര ഘടകങ്ങളുടെ നിലപാടിനെ തുടർന്ന് നാലുമണിക്കൂർ ചർച്ച ചെയ്‌താണ് ദേശീയ എക്‌സിക്യുട്ടീവ് രാജയ്‌ക്ക് 75 പ്രായപരിധിയിൽ ഇളവു നൽകാൻ ധാരണയായത്. പ്രായപരിധിയെ ചൊല്ലി പ്രതിനിധി ചർച്ചയിലും ബഹളമുണ്ടായി. 75 വയസ് തികഞ്ഞ സെക്രട്ടേറിയറ്റിലെ ഡോ. കെ.നാരായണ, പല്ലഭ് സെൻ ഗുപ്ത, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓഝ എന്നിവർ ഒഴിഞ്ഞു. കെ.നാരായണയെ കൺട്രോൾ കമ്മിഷൻ അദ്ധ്യക്ഷനും പല്ലഭ് സെൻ ഗുപ്‌തയെ എല്ലാ സമിതികളിലും ആജീവനാന്ത ക്ഷണിതാവുമാക്കി.

 ദേശീയ സെക്രട്ടേറിയറ്റ്:

ഡി.രാജ, അമർജിത് കൗർ, ഡോ. ബാലചന്ദ്രകുമാർ കാംഗോ, രാമകൃഷ്ണ പാണ്ഡെ, ആനി രാജ, ഗിരീഷ് ശർമ്മ, പ്രകാശ് ബാബു, പി. സന്തോഷ് കുമാർ, സഞ്ജയ് കുമാർ, പല്ലവെങ്കട്ട് റെഡ്ഡി (പഞ്ചാബ് പ്രതിനിധി ഒഴിവ്).