ട്രെയിനിൽ നിന്ന് കുതിക്കും അഗ്നി പ്രൈം മിസൈൽ

Friday 26 September 2025 12:43 AM IST

ന്യൂഡൽഹി: ട്രെയിനിൽ നിന്ന് കുതിച്ചുപാഞ്ഞ് 2,000 കിലോമീറ്റർ അകലെ വരയുള്ള ശത്രുവിനെ ഭസ്മമാക്കും. ഇന്ത്യയുടെ അഗ്നി പ്രൈം ബാലിസ്റ്റിക് മിസൈൽ ആണ് പരീക്ഷണത്തിൽ വിജയിച്ച് അഭിമാനമായത്.

ഒരേസമയം ട്രക്കിൽ നിന്നും ട്രെയിനിൽ നിന്നും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കാൻ ശേഷിയുള്ള നാലാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി. റഷ്യ, യു.എസ്, ചൈന എന്നിവയാണ് മറ്റു രാജ്യങ്ങൾ.

ലോഞ്ചർ സംവിധാനമുള്ള, പ്രത്യേകം ‌ഡിസൈൻ ചെയ്‌ത ട്രെയിനിൽ നിന്നാണ് വിജയകരമായി പരീക്ഷിച്ചത്. ആണവായുധം വഹിക്കാൻ ശേഷിയുള്ളതാണ് അഗ്നി പ്രൈം. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷനും (ഡി.ആർ.ഡി.ഒ), സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡും (എസ്.എഫ്.സി) സംയുക്തമായാണ് പരീക്ഷണം നടത്തിയത്. 'ഗെയിം ചേഞ്ചർ" എന്നാണ് നേട്ടത്തെ ഡി.ആർ.ഡി.ഒ വിശേഷിപ്പിച്ചത്.

റോഡ്- കം- റെയിൽ

മിസൈൽ സംവിധാനം

 അഗ്നി ശ്രേണിയിലെ ആറാമത്തെ ഭൂഖണ്ഡാന്തര മിസൈൽ. ട്രക്കിൽ നിന്നുള്ള പരീക്ഷണം നേരത്തേ വിജയിച്ചിരുന്നു

 രാജ്യത്ത് 70,000 കിലോമീറ്റർ റെയിൽ ട്രാക്ക്. ട്രെയിനിൽ ലോഞ്ചറിനെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കൊണ്ടുപോകാം

 ശത്രുക്കളുടെ സാറ്രലൈറ്റ് കണ്ണുകളെ മറയ്‌ക്കാൻ കഴിയും. നിനച്ചിരിക്കാത്ത നേരത്ത് ശത്രുവിനെ പ്രഹരിക്കാം

 യുദ്ധസമയത്ത് വിവിധ ഇടങ്ങളിൽ രഹസ്യമായി വിന്യസിക്കാം. ട്രെയിൻ കണക്‌ടിവിറ്റിയുള്ളിടങ്ങളിൽ നേരത്തെ സ്റ്റോർ ചെയ്‌തു വയ്‌ക്കാം

രാജ്യത്തിന്റെ യശസ് ഉയർത്തിയ പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ചർക്ക് അഭിനന്ദനം.

-രാജ്നാഥ് സിംഗ്,

പ്രതിരോധമന്ത്രി