അഴിമതിയിൽ അകത്താര് ? പുറത്താര് ?
തൃശൂർ: സഹകരണ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതികളെക്കുറിച്ചും നേതാക്കൾ നടത്തുന്ന അഴിമതിയെ കുറിച്ചും പുറത്തു പറഞ്ഞ നേതാക്കൾക്കെതിരെ നടപടിയെടുത്തിട്ടും അഴിമതിയിൽ അന്വേഷണമില്ലാത്തതിൽ സി.പി.എമ്മിനുള്ളിലും വിമർശനം. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും പാർട്ടി നേതാവുമായിരുന്ന നിബിൻ ശ്രീനിവാസനാണ് അഴിമതി കഥകൾ വെളിപ്പെടുത്തുന്നത്. മണ്ണുത്തി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള ഏഴ് സഹകരണ സ്ഥാപനങ്ങളിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന് തെളിവുകൾ സഹിതം പാർട്ടി നേതൃത്വത്തിനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പരാതി നൽകിയെന്നാണ് നിബിൻ പറയുന്നത്. ഒരന്വേഷണവും നടത്താതെയായതോടെയാണ് വെളിപ്പെടുത്തലെന്നും നിബിൻ തുറന്നടിച്ചിരുന്നു. ഇതോടെ സി.പി.എം നേതൃത്വം നിബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പിന്നാലെയാണ് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്ന ശരത് പ്രസാദ് നേതാക്കൾക്കെതിരെ നടത്തിയ സംഭാഷണം പുറത്തുവന്നത്. എ.സി.മൊയ്തീൻ എം.എൽ.എ വമ്പൻ ഡീലറാണെന്നും കപ്പലണ്ടി വിറ്റു നടന്ന കണ്ണൻ കോടാനുകോടികളുടെ സ്വത്തിന് ഉടമയാണെന്നുമായിരുന്നു ശബ്ദരേഖയുടെ ഉള്ളടക്കം. ഇത് അഞ്ച് വർഷം മുമ്പ് നിബിനുമായി സംസാരിച്ചതാണെന്ന് ശരത് സമ്മതിച്ചിരുന്നു. ശരത്തിനെ കഴിഞ്ഞ ദിവസം ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന സസ്‌പെൻഡ് ചെയ്യാനായിരുന്നു സി.പി.എമ്മിന്റെ തീരുമാനം.
സത്യമാണ്, സമ്മതിക്കരുത്
ശരത്തിന്റെ സംഭാഷണം പുറത്തുവന്നതോടെ പാർട്ടി വാട്‌സ് ആപ്പുകളിൽ നേതാക്കൾ പലരും ഇക്കാര്യം ആദ്യം സമ്മതിച്ചിരുന്നു. പറഞ്ഞതൊക്കെ സത്യമാണെന്നായിരുന്നു ആദ്യത്തെ മെസേജുകൾ. പിന്നീട് ഇത് ഒഴിവാക്കി. നിബിനോടും ശരത്തിനോടും താൽപര്യമുള്ള സഹപ്രവർത്തകർ ഇതെല്ലാം സത്യമാണെന്ന നിലപാടിലാണ്. അഴിമതി സംബന്ധിച്ച് അന്വേഷണം നടത്താൻ പാർട്ടി മുന്നോട്ടുവരണമെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. എന്നാൽ ആരോപണ വിധേയരായ നേതാക്കൾ വിശദീകരണം നൽകിയതിനാലും കരുവന്നൂർ കേസിൽ ഉൾപ്പെടെ ഇ.ഡി അന്വേഷണം ഇരുവർക്കുമെതിരെ നടന്നതിനാലും പാർട്ടിയിൽ ഒരന്വേഷണം വേണ്ടെന്ന നിലപാടിലാണ് പാർട്ടിയിലെ പ്രധാനനേതാക്കൾ.
ഞാൻ കൃത്യമായ തെളിവോടെയാണ് അഴിമതി നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി ജില്ലാ നേതൃത്വത്തിനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കത്ത് നൽകിയത്. പക്ഷേ മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ല. ശരത്തിനെ പോലെ പാർട്ടിയിലുള്ള ബഹുഭൂരിപക്ഷം പേർക്കും ഇത്തരം കാര്യങ്ങൾ അറിയാം.
നിബിൻ ശ്രീനിവാസൻ ഡി.വൈ.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റിയംഗം.
ശരത് പ്രസാദിനെതിരെ നടപടിയെടുത്തതിലൂടെ, കട്ടത് വിളിച്ചു പറഞ്ഞവനെ കള്ളനാക്കിയതിലൂടെ സി.പി.എം കുറ്റക്കാർക്ക് ഒപ്പമാണെന്ന് തെളിയിച്ചു. പുറത്തുവന്ന ഓഡിയോയിലെ ശബ്ദം ശരത്തിന്റേതല്ലായെന്ന് സി.പി.എം നേതൃത്വം ഇതുവരെ നിഷേധിച്ചിട്ടില്ല. ജില്ലയിലെ സി.പി.എം നേതാക്കളുടെ അനധികൃത സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് ഗൗരവതരമായ അന്വേഷണം നടത്താൻ സർക്കാരും സി.പി.എമ്മും തയ്യാറാകണം.
അഡ്വ.ജോസഫ് ടാജറ്റ് ഡി.സി.സി പ്രസിഡന്റ് .