ആകാശം കാക്കാൻ 97 തേജസ് വരുന്നു

Friday 26 September 2025 12:14 AM IST

ന്യൂഡൽഹി: ആറു പതിറ്റാണ്ടത്തെ സേവനത്തിനൊടുവിൽ മിഗ്-21 യുദ്ധവിമാനങ്ങൾ ഇന്ന് പടിയിറങ്ങുമ്പോൾ പകരക്കാരനായി തേജസ് മാർക് 1എ ജെറ്രുകളെത്തും. വ്യോമസേനയ്‌ക്കായി 97 തേജസ് വിമാനങ്ങൾ നിർമ്മിക്കാൻ പ്രതിരോധ മന്ത്രാലയം ഇന്നലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സുമായി ഒപ്പുവച്ചു. 62,370 കോടിയുടെ കരാറാണ്. ന്യൂ ജനറേഷൻ ഫൈറ്റ‌ർ ജെറ്റാണ് തേജസ്.

മേക്ക് ഇൻ ഇന്ത്യയിൽ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിലെ ഏറ്റവും വലിയ കരാറാണിത്. വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ രാജ്യത്തു തന്നെ ആയുധങ്ങളും യുദ്ധവിമാനങ്ങളും നിർമ്മിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനമാണ് നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ആഗസ്റ്റ് 19ന് ചേർന്ന സുരക്ഷയുമായി ബന്ധപ്പെട്ട കാബിനറ്റ് കമ്മിറ്റിയാണ് കരാറിന് അംഗീകാരം നൽകിയിരുന്നത്.

ഉത്തം എയ്സ റഡാർ ഉൾപ്പെടെ വിമാനത്തിൽ ഇൻസ്റ്റാൾ ചെയ്യുന്ന 64 ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി നി‌ർമ്മിക്കും. 105 ഇന്ത്യൻ കമ്പനികൾ പദ്ധതിയുമായി സഹകരിക്കും. 11,750 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടും.

കൈമാറ്റം ആറ്

വർഷം കൊണ്ട്

 68 സിംഗിൾ സീറ്റ് യുദ്ധവിമാനങ്ങൾ

 പരിശീലനത്തിന് രണ്ടു സീറ്റുള്ള 29 വിമാനങ്ങൾ

 2027-28ൽ ആദ്യബാച്ച് കൈമാറും

 ആറു വർഷം കൊണ്ട് 97 വിമാനങ്ങളും നിർമ്മിക്കും

മിഗ്-21ന് ഇന്ന് യാത്രഅയപ്പ്

മിഗ്-21 യുദ്ധവിമാനങ്ങൾക്ക് ചണ്ഡിഗർ വ്യോമതാവളത്തിൽ ഇന്ന് ഔദ്യോഗിക യാത്രഅയപ്പു നൽകും. റഷ്യയിൽ നിന്ന് വാങ്ങിയ മിഗ് 21 1963ലാണ് വ്യോമസേനയുടെ ഭാഗമായത്. ഇന്ത്യയുടെ ആദ്യ സൂപ്പർസോണിക് ജെറ്റ് വിമാനമാണ്. 1971ലെ യുദ്ധത്തിൽ പാകിസ്ഥാനെ മുട്ടുകുത്തിച്ചതിൽ അടക്കം നിർണായക ശക്തിയായി. കാലാനുസൃത മാറ്റങ്ങൾ വരുത്തിയ 36 മിഗ്-21 ബൈസണുകൾ അടങ്ങിയ രണ്ട് സ്ക്വാഡ്രണുകളാണ് നിലവിലുള്ളത്.