തമിഴ്നാട് ഊർജ്ജ വകുപ്പ് സെക്രട്ടറി ബീല വെങ്കിടേശൻ അന്തരിച്ചു
ചെന്നൈ: തമിഴ്നാട് ഊർജ്ജ വകുപ്പു സെക്രട്ടറി ബീല വെങ്കിടേശൻ (56) അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് മൂന്ന് മാസമായി അവധിയിലായിരുന്നു. കൊവിഡ് കാലത്ത് ആരോഗ്യവകുപ്പു സെക്രട്ടറിയായിരുന്ന അവർ അന്ന് നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ദൈനംദിന പത്രസമ്മേളനങ്ങളിലൂടെ പരിചിതമുഖമായി മാറി. മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയശേഷം 1997ൽ സിവിൽ സർവീസ് പരീക്ഷ പാസായി. ബീഹാറിലും പിന്നീട് ജാർഖണ്ഡിലും നിയമിതയായി. തുടർന്ന് തമിഴ്നാട്ടിൽ ചെങ്കൽപേട്ട് സബ് കളക്ടർ, ഫിഷറീസ് കമ്മിഷണർ. ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് കമ്മിഷണർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഇന്ത്യൻ മെഡിസിൻ ആൻഡ് ഹോമിയോപ്പതി കമ്മിഷണർ എന്നീ പദവികൾ വഹിച്ചു. തമിഴ്‌നാട്ടിലുടനീളമുള്ള രോഗികളുടെ ഡാറ്റ ഡിജിറ്റലൈസ് ചെയ്യുകയും ക്ലൗഡിൽ സൂക്ഷിക്കുകയും ചെയ്യുന്ന ആശുപത്രി മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം ആരംഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2019 ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി കേസുകളുടെ എണ്ണം കുറക്കുന്നതിലും അവരുടെ പങ്ക് നിർണായകമായി.
നാഗർകോവിൽ സ്വദേശിയും മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ റാണി വെങ്കിടേശനാണ് അമ്മ. അച്ഛൻ എസ്.എൻ. വെങ്കിടേശൻ ഡി.ജി.പിയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചിച്ചു.