പ്രായ പരിധി ഇളവിൽ ഉടക്കി പ്രതിനിധികൾ, പാതിരാവരെ നീണ്ട സമവായ ചർച്ചകൾ

Friday 26 September 2025 1:50 AM IST

ചണ്ഡിഗഡ്: വീണ്ടും ജനറൽ സെക്രട്ടറിയാകാൻ ഡി.രാജയ്‌ക്ക് 75 പ്രായ പരിധിയിൽ ഇളവു നൽകാനുള്ള തീരുമാനം സി.പി.ഐ പാർട്ടി കോൺഗ്രസിൽ പതിവില്ലാത്ത തർക്കങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിവച്ചത്. ജനറൽ സെക്രട്ടറിയെ തീരുമാനിക്കാൻ ബുധനാഴ്‌ച രാത്രി ചേർന്ന യോഗം അഞ്ചു മണിക്കൂർ നീണ്ടു. പ്രായപരിധി ഇളവിനെതിരെ കേരള നേതാക്കൾ തുറന്നടിച്ചു.

ഒരാൾക്ക് മാത്രമായി ഇളവു നൽകുന്നത് തെറ്റായ സന്ദേശമാണെന്ന് കേരളത്തിൽ നിന്നുളള ലതാ ദേവി, വി.എസ്. സുനിൽകുമാർ, രാജാജി മാത്യു എന്നിവർ ചൂണ്ടിക്കാട്ടി. പ്രായ പരിധി കർശനമായി നടപ്പാക്കുന്നതുകൊണ്ടാണ് കേരളത്തിൽ നിന്ന് ചന്ദ്രശേഖരൻ ഒഴിയുന്നത്. അനുഭവസ്ഥരായ നേതാക്കളെ മാറ്റി നിർത്തി യുവാക്കൾക്ക് അവസരം നൽകാനാണിത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ട് കേരള പ്രതിനിധികളോട് ശാന്തരാകാൻ ആവശ്യപ്പെട്ടു.

രാജയ്‌ക്ക് പ്രായപരിധി ഇളവ് നൽകാൻ തീരുമാനിച്ച എക്‌സിക്യൂട്ടീവ് തീരുമാനം കൗൺസിലിൽ അവതരിപ്പിച്ചപ്പോഴും രൂക്ഷമായ എതിർപ്പുയർന്നു. തീരുമാനത്തെ അനുകൂലിക്കുന്നവർ കൈ പൊക്കാൻ ആവശ്യപ്പെട്ടപ്പോൾ കേരള അംഗങ്ങൾ പ്രതികരിച്ചില്ല. ദേശീയ കൗൺസിൽ അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്ന ചർച്ചയിലും വിഷയം തർക്കത്തിന് വഴി തെളിച്ചു. പ്രായപരിധിയെ ചൊല്ലി തമിഴ്നാട് ഘടകത്തിനുള്ളിലെ ഭിന്നത നാഷണൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് വഴി തെളിച്ചു. 75 വയസ്സിന്മേൽ പ്രായമുള്ളവർ തുടരുന്നതിൽ പ്രതിഷേധിച്ച് 11 ഒഴിവിലേക്ക് 15 പേർ മത്സരിച്ചതോടെയാണിത്.

80കാരനായ ബിഹാർ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡയെ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തുന്നതിനെ ;പാട്‌ന ജില്ലാ സെക്രട്ടറിയായ ബിശ്വജിത് എതിർത്തതും രംഗം കലുഷമാക്കി.

അഴിമതിയുടെ കറ പുര‌ളാത്ത വ്യക്തിത്വവും ദേശീയ രാഷ്ടീയത്തിലെ പരിചയസമ്പത്തും ദളിത് മുഖവും ഉയർത്തിക്കാട്ടിയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ രാജയെ അനുകൂലിച്ചത്.രാജയ്‌ക്ക് ഇളവുനൽകാനുള്ള ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിലെ തർക്കം ഇന്നലെ സമാപന ദിവസത്തെ ചടങ്ങുകളെയും ബാധിച്ചു ചർച്ചകൾ നീണ്ടതിനാൽ രണ്ടരയ്‌ക്ക് പകരം പാർട്ടി കോൺഗ്രസ് സമാപിച്ചത് രാത്രിയോടെ.