സി.പി.ഐ പാർട്ടി കോൺഗ്രസ്,കമ്മിറ്റികളിൽ ആധിപത്യം നിലനിറുത്തി കേരളം
ചണ്ഡിഗഡ്: ദേശീയ സെക്രട്ടേറിയറ്റിൽ നിന്ന് ബിനോയ് വിശ്വം ഒഴിഞ്ഞെങ്കിലും കേന്ദ്ര കമ്മിറ്റികളിൽ കേരളത്തിന്റെ ആധിപത്യം നിലനിറുത്തിയാണ് സി.പി.ഐ പാർട്ടി കോൺഗ്രസ് കൊടിയിറങ്ങിയത്.
പ്രായപരിധി പിന്നിട്ടവരുടെ ഒഴിവിലാണ് കേന്ദ്ര സെക്രട്ടേറിയറ്റിൽ പി. സന്തോഷ്‌കുമാറും പ്രകാശ് ബാബുവും ഇടം നേടിയത്. ബിനോയ് വിശ്വം നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകേണ്ടത് ചൂണ്ടിക്കാട്ടിയാണ് ഒഴിഞ്ഞത്.
75 വയസ് പിന്നിട്ട മുൻ മന്ത്രി ഇ. ചന്ദ്രശേഖരന്റെയും അന്തരിച്ച കാനം രാജേന്ദ്രന്റെയും ഒഴിവിലാണ് ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി.ജെ. ആഞ്ചലോസ് എന്നിവർ ദേശീയകൗൺസിലിൽ എത്തിയത്. അതേസമയം, മുൻ മന്ത്രി വി.എസ്. സുനിൽകുമാറിനെ ഇത്തവണയും തഴഞ്ഞു. ഇസ്‌മയിൽ പക്ഷക്കാരനായ സുനിലിന് 2022ലും സമാന അനുഭവമായിരുന്നു.
ദേശീയ സെന്ററിന്റെ ഭാഗമായ പ്രകാശ് ബാബു, പി. സന്തോഷ്‌കുമാർ, മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനിരാജ എന്നിവരെ ഒഴിച്ചു നിറുത്തിയാൽ കേരളത്തിൽ നിന്ന് ദേശീയ കൗൺസിൽ അംഗങ്ങൾ 12 പേരാണ്. എ.ഐ.വൈ.എഫ് പ്രതിനിധിയായി ടി.ടി. ജിസ്‌മോൻ കാൻഡിഡേറ്റംഗം. ഡൽഹി അജോയ് ഭവനിലെ ഓഫീസ് ചുമതലയുള്ള മലയാളി റോയിക്കുട്ടിയും ദേശീയ കൗൺസിലിന്റെ ഭാഗമാണ്.