മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർകോസിയ്ക്ക് 5 വർഷം ജയിൽ ശിക്ഷ

Friday 26 September 2025 7:00 AM IST

പാരീസ്: മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർകോസിയ്ക്ക് (70) 5 വർഷം ജയിൽ ശിക്ഷ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലിബിയയിൽ നിന്ന് നിയമ വിരുദ്ധമായി ഫണ്ട് ശേഖരിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയാണ് നടപടി.

ആധുനിക ഫ്രാൻസിൽ ജയിൽ ശിക്ഷ ലഭിക്കുന്ന ആദ്യ മുൻ പ്രസിഡന്റായി സർകോസി മാറി. 2007ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലിബിയൻ മുൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ സർക്കാരിൽ നിന്ന് നിയമ വിരുദ്ധമായി ഫണ്ട് സ്വീകരിക്കാൻ സർകോസി തന്റെ സഹായികൾക്ക് അനുമതി നൽകിയെന്ന് പാരീസ് കോടതി കണ്ടെത്തി.

അതേ സമയം, സർകോസിക്കെതിരെ അഴിമതിക്കുറ്റം ചുമത്തിയില്ല. ഫണ്ടിന്റെ ഗുണഭോക്താവ് സർകോസിയാണെന്നതിന് തെളിവുകളില്ലാത്തതാണ് കാരണം. വിധിക്കെതിരെ സർകോസിക്ക് അപ്പീൽ നൽകാമെങ്കിലും ജയിൽ ശിക്ഷ അനുഭവിച്ചു കൊണ്ടു മാത്രമേ അതിന് സാധിക്കൂ.

അദ്ദേഹത്തെ പാരീസിലെ ജയിലിലേക്ക് മാറ്റും. 1,00,000 യൂറോ പിഴയുമുണ്ട്. താൻ നിരപരാധിയാണെന്ന് സർകോസി പ്രതികരിച്ചു. 2007-2012 കാലയളവിലാണ് സർകോസി ഫ്രഞ്ച് പ്രസിഡന്റായിരുന്നത്.

# കുടുക്കിയത് ഗദ്ദാഫിയുടെ മകന്റെ വെളിപ്പെടുത്തൽ

 നിയമവിരുദ്ധ ഫണ്ടിന് പകരമായി, അന്താരാഷ്ട്ര തലത്തിലെ ഒറ്റപ്പെടൽ മറികടക്കാൻ സഹായിക്കാമെന്ന് ഗദ്ദാഫിക്ക് സർകോസി വാഗ്ദ്ധാനം നൽകിയിരുന്നതായി പ്രോസിക്യൂഷൻ

 സർകോസി അദ്ദേഹത്തിന്റെ പ്രചാരണത്തിനായി തന്റെ പിതാവിൽ നിന്ന് കോടിക്കണക്കിന് യൂറോ കൈപ്പറ്റിയെന്ന് ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം വെളിപ്പെടുത്തിയിരുന്നു. രണ്ട് വർഷത്തിന് ശേഷം, 2013ൽ സർകോസിക്കെതിരെ അന്വേഷണം തുടങ്ങി

 കേസിൽ തെളിവുമറച്ചതിന് സർകോസിയുടെ ഭാര്യയും മുൻ സൂപ്പർ മോഡലുമായ കാർല ബ്രൂണിക്കെതിരെ കഴിഞ്ഞ വർഷം കുറ്റംചുമത്തി

 അഴിമതി അടക്കം മറ്റ് ക്രിമിനൽ അന്വേഷണങ്ങളും സർകോസി നേരിടുന്നു