റിയാദിൽ വാടക വർദ്ധനവിന് 5 വർഷത്തെ വിലക്ക്

Friday 26 September 2025 7:11 AM IST

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ റെസിഡൻഷ്യൽ, കൊമേഴ്ഷ്യൽ കെട്ടിടങ്ങളുടെ വാർഷിക വാടക നിരക്ക് വർദ്ധിപ്പിക്കുന്നത് അഞ്ച് വർഷത്തേക്ക് മരവിപ്പിച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റേതാണ് ഉത്തരവ്. കൊവിഡിന് ശേഷം റിയാദിൽ വാടക നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഉത്തരവ് ഇന്നലെ പ്രാബല്യത്തിൽ വന്നു. നിലവിലുള്ളതോ പുതിയതോ ആയ വസ്തുക്കൾക്ക് ഉത്തരവ് ബാധകമാണ്. ആദ്യമായി പാട്ടത്തിന് നൽകുന്ന വസ്തുക്കൾക്ക് വീട്ടുടമസ്ഥരും വാടകക്കാരും തമ്മിലുള്ള കരാർ പ്രകാരം വാടക നിശ്ചയിക്കണം. മുമ്പ് വാടകയ്ക്ക് നൽകിയിരുന്നതും എന്നാൽ ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്നതുമായ കെട്ടിടങ്ങളുടെ വാടക, അവസാന പാട്ടക്കരാറിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കും. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 12 മാസത്തെ വാടകയ്ക്ക് തുല്യമായ തുക പിഴയായി ചുമത്തും. വാടകക്കാർക്ക് നഷ്ടപരിഹാരം നൽകേണ്ടിയും വരാം. നിയമം ലംഘിക്കുന്നവരെ പറ്റി വിവരം നൽകുന്നവർക്ക് പിഴത്തുകയുടെ 20 ശതമാനം ലഭിക്കും. വാടക മരവിപ്പിക്കൽ നടപടി സാമ്പത്തിക-വികസനകാര്യ കൗൺസിലിന്റെ അംഗീകാരത്തോടെ മറ്റ് നഗരങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നതും പരിഗണനയിലുണ്ട്. എല്ലാ തരത്തിലെ വാടക കരാറുകളും സർക്കാരിന്റെ ഈജാർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിരിക്കണം. റിയൽ എസ്റ്റേറ്റ് അതോറിറ്റി മറ്റ് ഏജൻസികളുമായി ചേർന്ന് പുതിയ നിയന്ത്രണങ്ങളുടെ നടപ്പിലാക്കൽ നിരീക്ഷിക്കും.