'ഓം ശാന്തി..." യു.എന്നിൽ സമാധാന സന്ദേശവുമായി ഇൻഡോനേഷ്യൻ പ്രസിഡന്റ്
ന്യൂയോർക്ക്: യുദ്ധങ്ങൾക്കും വ്യാപാര പോരാട്ടങ്ങൾക്കും മുന്നിൽ പകച്ചുനിൽക്കുന്ന ലോകത്തോട് സമാധാന ആഹ്വാനമായി 'ഓം ശാന്തി" സന്ദേശം ചൊല്ലി ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ. ന്യൂയോർക്കിൽ തുടരുന്ന യു.എൻ ജനറൽ അസംബ്ലി 80 -ാം സെഷന്റെ പൊതുസംവാദത്തെ അഭിസംബോധന ചെയ്യവെയാണ് വിവിധ സംസ്കാരങ്ങളിലെ സമാധാന സന്ദേശങ്ങൾ ഉരുവിട്ടത്.
'വസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹ്, ശാലോം, ഓം ശാന്തി ശാന്തി ഓം, നമോ ബുദ്ധായ' എന്ന് പറഞ്ഞുകൊണ്ടാണ് സുബിയാന്തോ പ്രസംഗം അവസാനിപ്പിച്ചത്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ഏവർക്കും സമാധാനം ഉണ്ടാകട്ടെയെന്നും നന്ദി പറയവെ അദ്ദേഹം വ്യക്തമാക്കി.
ഗാസയിൽ ദുരിതം അനുഭവിക്കുന്നവരെക്കുറിച്ചും പരാമർശിച്ചു. പാലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരം വേണം. സ്വതന്ത്റ പാലസ്തീൻ ആവശ്യമാണെന്നും അതോടൊപ്പം ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും എങ്കിലേ യഥാർത്ഥ സമാധാനം ഉണ്ടാകൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ചുമതലയേറ്റ സുബിയാന്തോയുടെ ആദ്യ യു.എൻ അഭിസംബോധനയായിരുന്നു ഇത്. മുൻ പ്രതിരോധ മന്ത്രികൂടിയായ പ്രബോവോ രാജ്യത്തെ സ്പെഷ്യൽ ഫോഴ്സിന്റെ മുൻ കമാൻഡറാണ്. മനുഷ്യാവകാശ ലംഘനങ്ങളടക്കം വിവിധ ആരോപണങ്ങൾ ഇദ്ദേഹം നേരിട്ടിട്ടുണ്ട്. രണ്ട് ദശാബ്ദത്തോളം യു.എസിൽ പ്രവേശന വിലക്കും നേരിട്ടു.