മരുന്നിലും കൈവച്ച് ട്രംപ്, 100 ശതമാനം തീരുവയുടെ ആഘാതം ഒക്ടോബർ ഒന്നുമുതൽ; ഇന്ത്യയ്ക്ക് വൻ തിരിച്ചടി

Friday 26 September 2025 10:04 AM IST

വാഷിംഗ്ടൺ: ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ്, പേറ്റന്റ് മരുന്നുകൾക്ക് 2025 ഒക്ടോബർ ഒന്ന് മുതൽ 100ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ പ്ലാന്റുകൾ സ്ഥാപിച്ച് മരുന്നുകൾ നിർമ്മിക്കുന്ന കമ്പനികളെ തീരുവയിൽ നിന്ന് ഒഴിവാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

തീരുവ നയങ്ങളിലൂടെ രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനാണ് ട്രംപിന്റെ നീക്കം. ഇറക്കുമതിക്കാർക്ക് അധിക നികുതിയുടെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാൻ കഴിയില്ലെന്നും ഇത് വിലക്കയറ്റത്തിന് കാരണമാകില്ലെന്നും അദ്ദേഹം വാദിച്ചു.

ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളെ ട്രംപിന്റെ പുതിയ തീരുവ കാര്യമായി ബാധിക്കും. ഇന്ത്യയുടെ ഫാർമ കയറ്റുമതിയുടെ ഏകദേശം 40ശതമാനം അമേരിക്കൻ വിപണിയിലേക്കാണ്. 50ശതമാനം താരിഫ് ഏർപ്പെടുത്തിയാൽ ഇന്ത്യൻ ഫാർമ കമ്പനികളുടെ വരുമാനം 2026 സാമ്പത്തിക വർഷത്തിൽ അഞ്ച് മുതൽ 10ശതമാനം വരെ കുറയാൻ സാദ്ധ്യതയുണ്ടെന്ന് നേരത്തെ എസ്ബിഐ റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

പല വമ്പൻ ഇന്ത്യൻ ഫാർമ കമ്പനികളുടെയും വരുമാനത്തിന്റെ 40-50ശതമാനം യു.എസ്. വിപണിയിൽ നിന്നാണ്. വർദ്ധിച്ച ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറാൻ കമ്പനികൾക്ക് കഴിയാത്തതിനാൽ പുതിയ തീരുവ ഇന്ത്യൻ മരുന്നുകളുടെ മത്സരക്ഷമത കുറയ്ക്കുകയും ലാഭവിഹിതം കുറയ്ക്കുകയും ചെയ്യും.

മരുന്നുകൾക്ക് പുറമെ, അടുക്കള കാബിനറ്റുകൾക്കും ബാത്ത്റൂം വാനിറ്റികൾക്കും 50 ശതമാനവും, ഫർണിച്ചറിന് 30 ശതമാനവും, ഹെവി ട്രക്കുകൾക്ക് 25ശതമാനവും ഇറക്കുമതി തീരുവ ഒക്ടോബർ ഒന്നു മുതൽ നിലവിൽ വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഈ തീരുവ ദേശീയ സുരക്ഷയ്ക്കാണെന്ന് ട്രൂത്ത് സോഷ്യലിൽ അദ്ദേഹം കുറിച്ചു.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം പ്രശ്നമല്ലെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും കഴിഞ്ഞ 12 മാസത്തിനിടെ ഉപഭോക്തൃ വില സൂചിക 2.9ശതമാനം വർദ്ധിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. 2024ൽ അമേരിക്ക 233 ബില്യൺ ഡോളറിന്റെ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. പുതിയ താരിഫുകൾ വീടുകൾ നിർമ്മിക്കുന്നവർക്ക് കൂടുതൽ ചെലവുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.