ആൺകുഞ്ഞിനെ ആഗ്രഹിച്ചു, ജനിച്ചത് പെൺകുഞ്ഞ്; നാലാം മാസത്തിൽ കുട്ടിയെ കൊലപ്പെടുത്തി യുവതി

Friday 26 September 2025 11:10 AM IST

ജയ്പൂർ: നാല് മാസം പ്രായമുള്ള കുഞ്ഞിനെ സ്വന്തം അമ്മ കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലോടെയാണ് ജയ്പൂരിലുള്ള സുഭാഷ് നഗറിലെ പ്രദേശവാസികൾ അറിഞ്ഞത്. ആൺകുഞ്ഞ് വേണമെന്ന ആഗ്രഹത്താലാണ് സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയത്. 2016 ഓഗസ്റ്റ് 25നായിരുന്നു നാടിനെ നടുക്കിയ സംഭവം. വൈകുന്നേരം നാല് മണിയോടെയാണ് മാഹി എന്ന കുഞ്ഞിനെ കാണാനില്ലെന്ന് അമ്മ നേഹ ഗോയൽ വീട്ടുകാരെ അറിയിച്ചത്.

വീട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ, വീടിന്റെ മുകളിലത്തെ നിലയിലെ ഉപേക്ഷിക്കപ്പെട്ട എയർകണ്ടീഷണർ കാബിനറ്റിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചുവന്ന പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കഴുത്തിലേറ്റ പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

കേസ് അന്വേഷിച്ച പൊലീസ് നേഹ ഗോയലിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, തനിക്കൊരു ആൺകുഞ്ഞ് വേണമെന്ന ആഗ്രഹം കാരണമാണ് മകളെ കൊലപ്പെടുത്തിയതെന്ന് നേഹ സമ്മതിച്ചു. രക്ഷാബന്ധൻ ദിനത്തിൽ അയൽപക്കത്തെ വീടുകളിൽ ആൺകുട്ടികളെ കണ്ടപ്പോൾ സ്വന്തം മകളെ ഇല്ലാതാക്കാൻ നേഹ തീരുമാനിക്കുകയായിരുന്നു. ആദ്യ തവണ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും നേഹ പരാജയപ്പെട്ടു. ഈ ശ്രമത്തിൽ കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട് കൃഷ്ണാഷ്ടമി ആഘോഷങ്ങളുടെ തിരക്കിനിടയിൽ ഓഗസ്റ്റ് 26ന് കുഞ്ഞിന്റെ കഴുത്തറുത്ത് നേഹ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന് 12 ദിവസത്തിന് ശേഷം നേഹയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന കത്തിയും കണ്ടെടുത്തു. ആൺകുഞ്ഞിനായുള്ള വീട്ടുവൈദ്യങ്ങൾ ലഭിക്കാനുള്ള മരുന്നുകൾ എന്നിങ്ങനെ ഗൂഗിളിൽ നേഹ തിരഞ്ഞിരുന്നതായും പൊലീസ് കണ്ടെത്തി.

കൊലപാതകം നടന്ന് 12 ദിവസങ്ങൾക്ക് ശേഷം നേഹ ഗോയലിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും, 2019 സെപ്തംബറിൽ കേസിൽ വിധി വന്നു. പ്രോസിക്യൂഷന് പ്രതിക്കെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്ന് ജയ്പൂർ ജില്ലാ സെഷൻസ് കോടതി നേഹ ഗോയലിനെ വെറുതെ വിടുകയായിരുന്നു. വിചാരണയ്ക്കിടെ 33 സാക്ഷികൾ കൂറുമാറിയതും വിധി നേഹയ്ക്ക് അനുകൂലമാകുന്നതിന് കാരണമായി. സ്ത്രീകളുടെ മേലുള്ള ഇത്തരം ദുഷിച്ച സാമൂഹിക പ്രതീക്ഷകളുടെ ഭീകരമായ ഉദാഹരണമായി ഈ സംഭവം ഇന്നും നിലനിൽക്കുന്നു.