തമിഴ് സിനിമയുടെ സെറ്റിൽ ഓടിനടന്ന് ജോലിചെയ്യുന്ന മലയാളി പയ്യൻ; താരപുത്രനായ നടനെ മനസിലായത് കമലഹസൻ വന്ന് കെട്ടിപ്പിടിച്ചതോടെ
മലയാള സിനിമയിലെ മികച്ച ഹിറ്റുകളിലൊന്നാണ് ദൃശ്യം. സിനിമയുടെ മൂന്നാം ഭാഗം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. 'പാപനാശം' എന്ന പേരിൽ ദൃശ്യം തമിഴിലും പുറത്തിറക്കിയിരുന്നു. നടൻ കമലഹാസനായിരുന്നു മോഹൻലാലിന്റെ വേഷം അവതരിപ്പിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അമ്പരപ്പിക്കുന്നൊരു സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഒരു തമിഴ് മാദ്ധ്യമപ്രവർത്തകൻ.
സിനിമയുടെ സെറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായ യുവാവ് ഓടി നടന്ന് ജോലി ചെയ്യുകയായിരുന്നു. മലയാളവും തമിഴും ചേർന്ന ഭാഷയിലാണ് യുവാവ് സംസാരിക്കുന്നത്. തമിഴ് സംസാരിക്കുന്ന മലയാളി പയ്യൻ ആരാണെന്ന് ആർക്കും മനസിലായില്ല. പക്ഷേ കമലഹാസനെ ഒറ്റനോട്ടത്തിൽത്തന്നെ ആളെ പിടികിട്ടി.
ബ്രേക്ക് സമയത്ത് ആ ചെറുപ്പക്കാരൻ തമിഴ് പുസ്തകം വായിക്കുന്നത് കണ്ട് കമലഹാസൻ സ്‌നേഹത്തോടെ അടുത്തുവിളിച്ചു. തമിഴ് വായിക്കാനറിയാമോയെന്ന് അദ്ദേഹം ചോദിച്ചപ്പോൾ നന്നായി അറിയാമെന്ന് യുവാവ് മറുപടി നൽകി. ഇതോടെ കമലഹാസൻ ചെറുപ്പക്കാരനെ കെട്ടിപ്പിടിക്കുകയും ചെയ്തു.
ഇതുകണ്ട് ഏവരും അമ്പരന്നു. ഒരു അസിസ്റ്റന്റ് ഡയറക്ടറെ എന്തിനാണ് കമൽ സാർ ഇത്രയും സ്‌നേഹത്തോടെ ചേർത്തുപിടിക്കുന്നതെന്ന് സെറ്റിലുള്ളവർക്ക് മനസിലായില്ല. അതോടെയാണ് ആരാണ് ആ ചെറുപ്പക്കാരൻ എന്ന ചോദ്യം ഉയർന്നത്.
അത് മഹാനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആണെന്ന് ആരോ പറഞ്ഞതോടെ സെറ്റിലുള്ളവരെല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടി. യൂണിറ്റിലെ എല്ലാവരും കഴിക്കുന്ന ഭക്ഷണമായിരുന്നു പ്രണവും കഴിച്ചിരുന്നത്. താരപുത്രനാണെന്ന യാതൊരു ജാഡയും പ്രണവിന് ഉണ്ടായിരുന്നില്ലെന്നും മാദ്ധ്യമപ്രവർത്തകൻ വ്യക്തമാക്കി.