'കോണ്ടത്തെക്കുറിച്ച് ചോദിക്കും, പെൺകുട്ടികളെല്ലാം പുറത്തിറങ്ങുന്നത് കരഞ്ഞുകൊണ്ട്, ഒരാളുടെ വസ്ത്രം കീറിയിരുന്നു'

Friday 26 September 2025 11:52 AM IST

ന്യൂഡൽഹി: ശ്രീ ശാരദ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റിന്റെ ഡയറക്‌ടറായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയുള്ള എഫ്‌ഐആറിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 17 പെൺകുട്ടികളാണ് സ്വാമിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് നടത്തിയ അന്വേഷണത്തിലാണ് ചൈതന്യാനന്ദ സ്വാമിയുടെ ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ പുറത്തുവന്നത്.

പെൺകുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ എല്ലാ ഭാഗത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ശുചിമുറിയുടെ ഭാഗത്ത് പോലും ക്യാമറ ഉണ്ടായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം ചൈതന്യാനന്ദ ഫോണിലൂടെ കാണാറുണ്ടായിരുന്നു. ശേഷം കുട്ടികളോട് ശുചിമുറിയിൽ പോകുന്നതിനെക്കുറിച്ച് ഇയാൾ ചോദിച്ചു. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കാറുണ്ടോ എന്നും ചൈതന്യാനന്ദ പെൺകുട്ടികളോട് ചോദിച്ചു. രാത്രിയിൽ ഇയാൾ പെൺകുട്ടികൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും പതിവായിരുന്നു.

ചൈതന്യാനന്ദ സരസ്വതിയുടെ ഓഫീസിൽ നിന്നും പെൺകുട്ടികൾ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നത് പതിവായി കണ്ടിരുന്നെന്നും ഒരാളുടെ വസ്‌ത്രം കീറിയ നിലയിൽ കണ്ടതായും ഒരു പെൺകുട്ടി മൊഴി നൽകി. ഹോളി ആഘോഷവേളയിലും സ്വാമി അതിരുവിട്ട് പെരുമാറി. പെൺകുട്ടികളെ വരിയിൽ നിർത്തിയ ശേഷം ചൈതന്യാനന്ദ അവരുടെ മുഖത്തും മുടിയിലും നിറങ്ങൾ തേച്ചു. ഇതിനുശേഷമേ ആഘോഷങ്ങൾ ആരംഭിക്കാവൂ എന്ന് നിർദേശം നൽകി. രാത്രികാലങ്ങളിൽ ചൈതന്യാനന്ദ താമസിച്ചിരുന്ന വസതിയിലേക്കും പെൺകുട്ടികളെ വിളിച്ച് വരുത്തുമായിരുന്നു.

രാജ്യത്തിനകത്തും പുറത്തും ഒപ്പം യാത്ര ചെയ്യാൻ പെൺകുട്ടികളെ നിർബന്ധിച്ചു. ചൈതന്യാനന്ദ സരസ്വതിയുടെ ഇഷ്‌ടങ്ങൾക്ക് വഴങ്ങാത്ത വിദ്യാർത്ഥികൾ ഒട്ടേറെ ബുദ്ധിമുട്ടുകൾ സഹിച്ചിരുന്നു. ഹാജർ നൽകാതിരിക്കുക, ഉയർന്ന ഫീസ് വാങ്ങുക തുടങ്ങിയ കാര്യങ്ങളാണ് ഇത്തരത്തിൽ ചെയ്‌തിരുന്നത്. പീഡനങ്ങളെക്കുറിച്ച് മുമ്പ് പരാതി നൽകിയ സംഭവങ്ങൾ ജീവനക്കാർ ഇടപെട്ട് മൂടിവച്ചുവെന്നും എഫ്‌ഐആറിലുണ്ട്.