'അന്യപുരുഷനിൽ നിന്ന് ബീജം സ്വീകരിച്ചു, കുഞ്ഞിന് ജന്മം നൽകി'; യുവതിയുടേത് ദുരനുഭവം

Friday 26 September 2025 11:59 AM IST

ലണ്ടൻ: രണ്ടാമതൊരു കുഞ്ഞിനായി ബീജദാതാവിനെ സമീപിച്ച യുവതിയുടെ ദുരനുഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇംഗ്ലണ്ടുകാരിയായ ലോറ കോൾഡ്മാനാണ് അനുഭവം പങ്കുവച്ചിരിക്കുന്നത്. 33കാരിയായ ലോറയ്ക്ക് രണ്ടാമതൊരു കുഞ്ഞുവേണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഐവിഎഫ് പോലുളള ചികിത്സകൾ ചെലവേറിയതുകൊണ്ട് യുവതി 2018 ബീജദാതാവിനെ തേടി ഫേസ്ബുക്കിൽ പോസ്​റ്റിടുകയായിരുന്നു.

ലോറയുടെ ആറ് വയസുകാരനായ മൂത്ത മകന് ഒരു സഹോദരനോ സഹോദരിയോ കൂടി വേണമെന്ന അതിയായ ആഗ്രഹം കൊണ്ടാണ് യുവതി നിർണായക തീരുമാനമെടുത്തത്. എന്നാൽ ആ തീരുമാനത്തിൽ യുവതി ഇപ്പോൾ പശ്ചാത്തപിക്കുകയാണ്. 2020ൽ ലോറ ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പിൽ ചേർന്നു. അവിടെ വച്ച് ബീജം നൽകാമെന്ന് ഒരു യുവാവ് ലോറയെ അറിയിക്കുകയായിരുന്നു. തുടർന്ന് അവർ യുവാവിനെക്കുറിച്ച് നല്ല രീതിയിൽ അന്വേഷണം നടത്തി. അതിനുശേഷം 2020 ഡിസംബറിൽ ലോറ യുവാവിന്റെ വീട്ടിലെത്തി. പത്ത് മിനിട്ടോളം ഇരുവരും സംസാരിച്ചതിനുശേഷം യുവാവ് ബീജം നിറച്ച സിറിഞ്ച് ലോറയ്ക്ക് കൈമാറുകയും യുവതി സ്വയം ബീജസങ്കലനം നടത്തുകയും ചെയ്തു.

തുടർന്നുളള ഏഴ് മാസത്തിനുളളിൽ മൂന്ന് തവണ ഈ പ്രവർത്തി ആവർത്തിച്ചിരുന്നു. 2021 ജൂലായിൽ ലോറ ഗർഭിണിയാകുകയും 2022 ഏപ്രിലിലൽ ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ കുഞ്ഞിന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നാണ് ലോറ പറയുന്നത്. കുഞ്ഞിന് സംസാരശേഷിയിൽ പ്രശ്നങ്ങളുണ്ടെന്നും അപകടങ്ങൾ മനസിലാക്കാനുളള കഴിവില്ലെന്നാണ് യുവതി ആരോപിക്കുന്നത്. കുഞ്ഞിന് ഓട്ടിസമുണ്ടോയെന്ന് പരിശോധനയ്ക്കായുളള കാത്തിരിപ്പിലാണ് ലോറ.

ഇവയെല്ലാം ബീജദാതാവിനുളള ജനിതക പ്രശ്നമാണോയെന്നാണ് യുവതി സംശയിക്കുന്നത്. യുവാവിൽ നിന്ന് ബീജം സ്വീകരിച്ച മ​റ്റ് സ്ത്രീകൾക്കുണ്ടായ കുഞ്ഞുങ്ങൾക്കും സമാന പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. 'എന്റെ മകനില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാൻ കഴിയില്ല. പക്ഷെ ഫേസ്ബുക്കിലൂടെ ബീജദാതാവിനെ തിരയാൻ ഞാൻ ഇനി നിർദ്ദേശിക്കില്ല. അങ്ങനെ വരുന്നയാളെക്കുറിച്ച് പൂർണമായി ഒന്നും അറിയാൻ സാധിക്കില്ല. എനിക്ക് ബീജം ദാനം ചെയ്ത യുവാവിനെക്കുറിച്ച് ഇപ്പോൾ യാതൊരു വിവരവുമില്ല'- ലോറ പറഞ്ഞു.