ഗാനഗന്ധർവനും പ്രശംസിച്ച പെരുമ അസീസിന്റെ മഹിമ
ജൈവ കൃഷിയെന്നാൽ കീടനാശിനി തളിക്കാത്തത് എന്നു മാത്രമല്ല അർത്ഥമെന്ന് അസീസ് പറയുന്നു. മണ്ണൊരുക്കൽ വരെ ജൈവ രീതിയിലാകണം. അല്ലെങ്കിൽ ഉപകാരികളായ ബാക്ടീരിയകളും നശിക്കും. തന്റെ ഫാം ഹൗസിലെ വളർത്തുമൃഗങ്ങൾക്ക് പുല്ലോ വയ്ക്കോലോ തീറ്റയോ പുറത്തു നിന്ന് വാങ്ങാറില്ല. അതിൽ കീടനാശിനിയുടെ അംശം കണ്ടേക്കാം. അതിനാൽ തീറ്റപ്പുല്ലടക്കം നട്ടുവളർത്തുന്നു. പാലും മുട്ടയുമെല്ലാം സംശുദ്ധമാകണം.
ആറ് ജീവിതശൈലീ രോഗങ്ങൾക്ക് ദിനംപ്രതി എട്ട് മരുന്നുകൾ കഴിച്ചിരുന്ന കാലമുണ്ട് അബ്ദുൽ അസീസിന്. ഈ ദുരവസ്ഥയിൽ നിന്നുള്ള മോചനമെന്ന നിലയിലാണ് ജൈവ ഭക്ഷണത്തിലേക്ക് തിരിഞ്ഞത്. ജൈവ കൃഷിയും വ്യാപകമാക്കി. ഒന്നര ദശാബ്ദം കഴിയുമ്പോൾ അസീസ് സാക്ഷ്യപ്പെടുത്തുന്നു, തന്റെ ടെസ്റ്റുകളെല്ലാം നോർമ്മലാണെന്ന്...
'വിഷം കലരുന്ന ഈ ലോകത്ത്, വിഷരഹിതമായ ഭക്ഷണം വിളമ്പുന്നതാണ് പി.എം. അബ്ദുൽ അസീസിന്റെ നന്മ.' ഗാനഗന്ധർവൻ യേശുദാസിന്റെ വാക്കുകളാണിത്. കൊച്ചി പാടിവട്ടത്തെ അസീസിയ കൺവൻഷൻ സെന്ററിന്റെ ഉടമയും ജൈവ ഉത്പന്നങ്ങളുടെ ഉപാസകനുമായ പ്രവാസി വ്യവസായി അസീസിനെക്കുറിച്ചായിരുന്നു ദാസേട്ടന്റെ പരാമർശം. സവിശേഷമായ ഒരു സംഗീത പരിപാടിയിൽ അമേരിക്കയിൽ നിന്ന് ഓൺലൈനായി തത്സമയം ചേരുകയായിരുന്നു യേശുദാസ്. മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ തന്നെ ജന്മദിനാഘോഷമാണ് അന്ന് അസീസിയ കൺവൻഷൻ സെന്ററിൽ നടന്നത്. നടൻ മമ്മൂട്ടിക്കും 45 പിന്നണി ഗായകർക്കുമൊപ്പം ജൈവ വിഭവങ്ങളുടെ സമൃദ്ധമായ സദ്യയും കൂട്ടിയിരുന്നവർ ആസ്വദിച്ചു. ഇലക്ട്രോണിക്സ് എൻജിനീയറിംഗാണ് കർമ്മ മേഖലയെങ്കിലും ഓർഗാനിക് പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്ത് വിപണനം ചെയ്യുന്ന സംരംഭകൻ കൂടിയാണ് അസീസ്. കൂടാതെ മായമില്ലാത്ത പലഹാരങ്ങളും പലചരക്ക് ഇനങ്ങളും വിവിധ സ്റ്റാളുകളിൽ ലഭ്യമാക്കുന്നു. ആവശ്യാനുസരണം ജൈവ സദ്യയും തയാറാക്കി നൽകാൻ സംവിധാനമുണ്ട്. ഈ വിഭവങ്ങൾക്ക് വേറിട്ട രുചിയുണ്ട്. മാത്രമല്ല, ഭാവഗാനങ്ങളോടും സംഗീതത്തോടുമുള്ള അസീസിന്റെ പ്രിയവും യേശുദാസിന് അറിയാം. അങ്ങനെയാണ് തന്റെ 83ാം ജന്മദിനം കൊണ്ടാടാൻ ദാസേട്ടൻ കൊച്ചിയിലെ അസീസിയ തെരഞ്ഞെടുത്തത്, വലിയ സംഗീത വിരുന്നോട് കൂടി. അതുവരെ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷം നടന്നിരുന്നത് മൂകാംബിക സന്നിധിയിലും മറ്റുമാണ്. അസീസിയയിലെ ചടങ്ങ് വലിയ വാർത്താ പ്രാധാന്യം നേടി. തുടർന്ന് യേശുദാസ് തന്റെ 84,85 പിറന്നാളുകളും അവിടെത്തന്നെ ആഘോഷിച്ചാൽ മതിയെന്ന് ആരാധകരെ അറിയിച്ചു. ഭക്ഷണവും ഭാഷണവുമെല്ലാം നൈസർഗികമായ ജീവതാളത്തിന്റെ ഭാഗമാണെന്നു പറഞ്ഞാണ് ഗാനരചയിതാവ് ആർ.കെ.ദാമോദരൻ അവിടെ വച്ച് സംഗീതത്തേയും സ്നേഹ വിരുന്നിനേയും ബന്ധിപ്പിച്ചത്. അബ്ദുൾ അസീസിനെ സംബന്ധിച്ച് അതെല്ലാം തന്റെ ആശയങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയായിരുന്നു. സാംസ്കാരിക മണ്ഡപം ഒത്തുകൂടാൻ ഒരു കേന്ദ്രം എന്നതിലുപരി, കൊച്ചിയിലെ കൺവൻഷൻ സെന്ററിനെ ഒരു സാംസ്കാരിക മണ്ഡപമാക്കി വളർത്തുകയായിരുന്നു അസീസിയ ഗ്രൂപ്പ്. പ്രമുഖ സംഗീതജ്ഞരുടെ സ്മരണാർത്ഥം ഇവിടെ സംഗീത വിരുന്നുകൾ അരങ്ങേറി. കാലയവനികയിൽ മറഞ്ഞ മുഹമ്മദ് റഫി, എം.എസ്. ബാബുരാജ്, ജോൺസൺ, രവീന്ദ്രൻ തുടങ്ങിയവർക്കായി സംഗീത പ്രണാമം അർപ്പിച്ചു. റഫി നൈറ്റിൽ അദ്ദേഹത്തിന്റെ മകനും പാടാനെത്തി. ഒക്ടോബറിൽ എം.ജി. ശ്രീകുമാറിന്റെ സംഗീത നിശയും അരങ്ങേറും. മറ്റു ശബ്ദ ശല്യങ്ങളില്ലാതെ പാട്ടുകൾ ആസ്വദിക്കാവുന്ന രീതിയിലാണ് ഹാളിന്റെ വിന്യാസം. 25,000 വാട്ടിന്റെ അത്യാധുനിക സൗണ്ട് സിസ്റ്റവുമുണ്ട്. അതുകൊണ്ടെല്ലാം വേദി സംഗീതജ്ഞർക്ക് പ്രിയങ്കരമാണ്. എത്തുന്നവർക്ക് ഓർഗാനിക് സദ്യയാണ് സവിശേഷത. ഈ പെരുമയെല്ലാം അറിഞ്ഞാണ് യേശുദാസ് തന്റെ മൂന്ന് പിറന്നാൾ ആഘോഷങ്ങൾക്ക് ഇവിടം തിരഞ്ഞെടുത്തത്. ആദ്യം 300 പേർക്കിരിക്കാവുന്ന ഹാളായിരുന്നു ഇവിടെ. വർഷങ്ങൾക്ക് മുമ്പ് സി.പി.എം നേതാവ് എം.എ. ബേബിയാണ് സ്വരലയയുടെ ഒരു പരിപാടിക്കായി ഹാൾ വിപുലപ്പെടുത്താൻ നിർദ്ദേശിച്ചത്. അങ്ങനെ 1000 പേർക്കുള്ള കപ്പാസിറ്റിയായി. എൽ.സുബ്രഹ്മണ്യൻ, കവിത കൃഷ്ണമൂർത്തി ജോടികളുടെ സംഗീത വിരുന്നുമായാണ് അന്ന് നവീകരണം ആഘോഷിച്ചത്. പ്രത്യേക ഡൈനിംഗ് ഏരിയ അടക്കമുള്ള സമുച്ചയം വിവാഹമടക്കമുള്ള ഏതാഘോഷങ്ങൾക്കും അനുയോജ്യമാണ്. അസ്സീസിയ ഗ്രൂപ്പ് ഇപ്പോൾ പഴുവിലിൽ 4000 പേർക്ക് ഇരിക്കുന്ന കൺവൻഷൻ സെന്ററിന്റെ നിർമാണത്തിലാണ്. 1000 വാഹനങ്ങൾ പാർക്കു ചെയ്യാവുന്ന സൗകര്യവും ഇവിടെയുണ്ടാകും. ദുബായിൽ ഇലക്ട്രോണിക്സ് ബിസിനസ് സ്ഥാപനവും ഉടൻ തുടങ്ങും. പോസ്റ്റ് മാസ്റ്ററായിരുന്ന പാലിയത്താഴത്ത് മൂസ്സയുടെ മകനാണ് പി.എം. അബ്ദുൾ അസീസ്. ഭാര്യ: നിസീം. മക്കൾ: ഐഷമോൾ, നൗഷാദ്, സിയാദ്.നോമ്പുകാലത്ത് ആയിരങ്ങൾക്ക് അന്നം നൽകുന്ന കാരുണ്യ പ്രവർത്തകൻ കൂടിയാണ് അസീസ്. സാധാരണക്കാരായ 5000 പേർക്ക് ഭക്ഷ്യ കിറ്റുകൾ നൽകുന്നു. 'ഹാപ്പിനെസ് ത്രൂ ഹെൽത്ത് ആൻഡ് ഹാർമണി ' എന്നതാണ് അസീസിയ ഗ്രൂപ്പിന്റെ ആപ്തവാക്യം.
പഠനവും പ്രവാസവും
1970 ൽ തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സിൽ ബിടെക് നേടിയ അസീസ്, ആറു വർഷം ഒ.ഇ.എൻ ഇന്ത്യയിൽ പ്രവർത്തിച്ച ശേഷമാണ് പ്രവാസ ജീവിതം തുടങ്ങിയത്. ഖത്തർ പെട്രോളിയത്തിന്റെ ദോഹ ഡിവിഷനിൽ പ്രൊഡക്ഷൻ ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ 25 വർഷം പ്രവർത്തിച്ചു. തുടർന്ന് 2003 ൽ ജോലി വിട്ട് ദോഹയിൽ സ്വന്തം കമ്പനി തുടങ്ങി. സ്കൂളുകൾക്കും ആശുപത്രികൾക്കും ഹോട്ടലുകൾക്കും മറ്റും അനുയോജ്യമായ മെക്കാനിക്കൽ ഉപകരണങ്ങളുടെ വിതരണമാണ് ഏറ്റെടുത്തത്. കമ്പനി ഇപ്പോഴും നല്ല നിലയിൽ മുന്നോട്ടു പോകുന്നു. രണ്ടു വർഷം മുമ്പ് ദുബായിലെ ഗോൾഡൻ വീസ നേടിയ അസീസ് ദെയ്ര മേഖലയിൽ ഓർഗാനിക് ഉൽപന്നങ്ങളുടെ രണ്ട് സൂപ്പർ മാർട്ടുകൾ ആരംഭിച്ചു. അസീസിയ ട്രേഡിംഗ്സ് എന്ന പേരിൽ. അതിന് മുമ്പ് തന്നെ കൊച്ചി പാടിവട്ടത്തെ സ്ഥലത്ത് കൺവൻഷൻ സെന്റർ ആരംഭിച്ചിരുന്നു. 15 വർഷം മുമ്പ് നാട്ടിലേക്ക് താമസം മാറുകയും ചെയ്തു. ജീവിതത്തിലെ നിർണായമായ മറ്റൊരു തീരുമാനം അതുമായി ബന്ധപ്പെട്ടുണ്ടായി. കർമ്മരംഗത്തെ തിരക്കുകൾക്കിടെ കൂടെപ്പിറപ്പായി മാറിയ ജീവിതശൈലീ രോഗങ്ങളാണ് നിമിത്തമായത്. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ, ഫാറ്റി ലിവർ എല്ലാമുണ്ടായിരുന്നു. ആറു രോഗങ്ങൾക്ക് ദിവസവും എട്ടു മരുന്നുകൾ കഴിക്കേണ്ട അവസ്ഥ. ഇതിനൊരു മാറ്റം കിട്ടാനായി ഭക്ഷണ രീതിയിൽ ചിട്ട പാലിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് ജൈവ ഉത്പന്നങ്ങളെന്ന പേരിൽ വിൽക്കുന്ന പലതും തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ജന്മനാട്ടിലെ നിലമൊരുക്കൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ അസീസ് പുതിയ തീരുമാനമെടുത്തു. വിഷരഹിതമായ ഭക്ഷണം എന്ന ദൗത്യത്തിന് സ്വയം മാതൃകയായി. ജന്മനാടായ തൃശൂരിലെ പഴുവിൽ പ്രദേശത്തുള്ള എഴുപത്തഞ്ചേക്കർ സ്ഥലത്ത് നിലമൊരുക്കി. ആദ്യം വെണ്ടകൃഷിയാണ് തുടങ്ങിയത്. ഒരു വിളവെടുപ്പിൽ 100 കിലോ വരെ കിട്ടി. അധികം വന്നത് വിഷരഹിത പച്ചക്കറിയെന്ന പേരിൽ കൊച്ചിയിലെ കൺവൻഷൻ സെന്ററിന് മുന്നിൽ ഷെഡ് കെട്ടി വിൽപനയ്ക്ക് വച്ചു. മുൻ ജില്ലാ കളക്ടറും ഔഷധി മുൻ ചെയർമാനും കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലുമായിരുന്ന കെ.ആർ.വിശ്വംഭരൻ ഒരു ദിവസം അതു വഴി കടന്നു പോകുമ്പോൾ അവിടെ കയറി. വിൽപനയ്ക്ക് വച്ചിരിക്കുന്ന പച്ചക്കറി വിഷരഹിതമാണെന്ന് എങ്ങനെ പറയാനാകുമെന്ന് അദ്ദേഹം ചോദിച്ചു. കൃഷിയിടം നേരിട്ട് സന്ദർശിച്ച് ബോദ്ധ്യപ്പെടാൻ തയാറായി. അങ്ങനെയുള്ള മൗത്ത് പബ്ലിസിറ്റിയിലൂടെ സംരംഭം ജനപ്രിയമായി. കൊടുങ്ങല്ലൂരിലും കളമശേരിയിലുമടക്കം ഭൂമി വാങ്ങി ജൈവകൃഷി കൂടുതൽ വിപുലമാക്കി. സ്ഥിരം സ്റ്റാളുകളും തുടങ്ങി. ഇന്നിപ്പോൾ അറുപത്തഞ്ചോളം പഴം, പച്ചക്കറി ഇനങ്ങളുണ്ട്. വർഷം 50,000 കിലോ വിളവെടുക്കുന്ന നെൽകൃഷിയുമുണ്ട്. വില അൽപ്പം കൂടും. എങ്കിലും ഒരു തവണ രുചി അറിഞ്ഞവർ വീണ്ടും വീണ്ടും വാങ്ങുന്നതാണ് വിജയം. ഒപ്പം ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു. ഇപ്പോൾ തനിക്ക് സൗഖ്യമുണ്ടെന്നും ടെസ്റ്റുകളെല്ലാം നോർമലാണെന്നും. കൃഷി ലാഭകരമല്ലെന്ന വാദത്തിനും അസീസിന് മറുപടിയുണ്ട്. വിളവെടുപ്പ് മാത്രം പ്രതീക്ഷിച്ച് മുന്നോട്ടുപോകരുത്. വൈവിദ്ധ്യവത്കരവും മൂല്യവർദ്ധനയും വേണം. അതിന്റെ ഭാഗമായി പഴുവിലിൽ ഫാം ടൂറിസം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അസീസിയ ഗ്രൂപ്പ്.