ഗോഡ്സ് ഓൺ ബാർബി ഗേൾ

Sunday 28 September 2025 1:25 AM IST

ചില ആഗ്രഹങ്ങൾ നമ്മൾ മറന്നാലും ദൈവം മറക്കില്ല. ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും കുട്ടികളാണെങ്കിൽ ഫലം ഇരട്ടിക്കും. ഈ വർഷത്തെ മിസ് കേരള ചാമ്പ്യൻഷിപ്പ് നേടി തിരുനന്തപുരത്തിന് അഭിമാനമായ ശ്രീനിധി സുരേഷിന്റെ കാര്യത്തിൽ ഈ തിയറി പൂർണമായി ഫലിച്ചു. കുട്ടിക്കാലത്ത് 'ദൈവമേ, എന്നെ ബാർബിയെപ്പോലെ ആക്കണേ..." എന്ന് നിഷ്കളങ്കമായി ശ്രീനിധി പ്രാർത്ഥിച്ചു. മിസ് കേരളയായി സമൂഹ മാദ്ധ്യമങ്ങളിലെ താരമായപ്പോൾ 'ഈ കുട്ടിയെ കാണാൻ ബാർബിയെ പോലെയുണ്ടല്ലോ..."എന്ന് സകലരും പറഞ്ഞു. ബാർബി ഡോളിന്റെ മ്യൂസിക്കും ചേർത്തുള്ള റീലുകളും തരംഗമായി. ജീവിതത്തിൽ സന്തോഷവും അഭിമാനവും നിറച്ച 'മിസ് കേരള' യാത്രയെക്കുറിച്ച് ശ്രീനിധി മനസു തുറക്കുന്നു

ആൻഡ്... ദി മിസ്

കേരള ഈസ്...

കുട്ടിക്കാലം മുതൽ പുതിയ ട്രെൻഡുകളും ഫാഷൻ വസ്ത്രങ്ങളും ജീവിതത്തിൽ പകർത്താറുണ്ടായിരുന്നു. എന്റെ സംസാരരീതിയിലും വസ്ത്രധാരണത്തിലും ഒരു പേജന്റ് വിന്നറിനു വേണ്ട ഗുണങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞത് അമ്മ പ്രിയദർശിനിയാണ്. മാർച്ചിൽ കൊച്ചിയിൽ നടന്ന ഒരു പേജന്റിന് എനിക്കുവേണ്ടി അപേക്ഷിച്ചതും അമ്മയാണ്. എന്നാൽ അന്ന് കാൽ ഫ്രാക്ചറായി. ഇതിനിടെ പല ബ്രാൻഡുകളുടെയും മോഡലായി. സ്വയംവര സിൽക്സ്- ഇംപ്രസാരിയോ മിസ് കേരള സിൽവർ ജൂബിലി എഡിഷനിലേത് എന്റെ രണ്ടാമത്തെ മത്സരമാണ്. അതിൽ വിജയിയായി. ഒരുപാട് കാലത്തെ പ്രയത്നത്തിനൊടുവിലാണ് പലരും സൗന്ദര്യ കിരീടം സ്വന്തമാക്കുന്നത്. രണ്ടാമത്തെ മത്സരത്തിൽത്തന്നെ വിജയിക്കാനായത് ഭാഗ്യമായി കരുതുന്നു.

മത്സരത്തിന് കുറച്ചുദിവസം മുൻപ് അമ്മ ഒരു സ്വപ്നം കണ്ടു. ആരവങ്ങൾക്കു നടുവിൽ പ്രൗഢമായൊരു വേദിയിൽ ശ്രീനിധി. ഒരു ഗോൾഡൻ ഗൗണാണ് വേഷം. ആ വേഷത്തിൽ ശ്രീനിധി സൗന്ദര്യ കിരീടം ഏറ്റുവാങ്ങുന്നു. സദസ് നിറുത്താതെ കൈയടിക്കുന്നു. അമ്മയുടെ സ്വപ്നം പോലെ ആ വസ്ത്രത്തിൽത്തന്നെ കിരീടം ഏറ്റുവാങ്ങി.

കോൺഫിഡൻസ്

ഈസ് ബ്യൂട്ടി

ആത്മവിശ്വാസമാണ് സൗന്ദര്യത്തിന്റെ താക്കോലെന്ന് ശ്രീനിധി പറയുന്നു. നിറവും ഉയരവും ഒന്നുമല്ല സൗന്ദര്യത്തിന്റെ മാനദണ്ഡം. പണ്ട് തനിക്കും പല അരക്ഷിതാവസ്ഥകളും ഉണ്ടായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ മത്സരങ്ങൾ വിജയിച്ച ഒരുപാടു പേരെ കണ്ടപ്പോൾ ആത്മവിശ്വാസമായി. മിസ് കേരള മത്സരത്തിൽ റാമ്പ് വാക്കിനും മോഡലിംഗിനും പുറമേ, വ്യക്തിത്വം അളക്കുന്ന റൗണ്ടുകളും ഉൾപ്പെട്ടിരുന്നു. സമൂഹത്തിലെ പ്രശ്നങ്ങളെ നോക്കിക്കാണുന്ന രീതി, നിലപാടുകൾ, ലോകവിവരം എന്നിവയും അവർ നോക്കും. തിരുവനന്തപുരം സ്വദേശിയായതിനാൽ ജില്ലയുടെ ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ചും ധാരാളം ചോദ്യങ്ങളുണ്ടായി. ഇപ്പോൾ പൂനെ സിംബയോസിസ് ലാ സ്കൂളിൽ അവസാനവർഷ വിദ്യാർത്ഥിയാണ്. നിയമപഠനത്തിലൂടെ ലഭിച്ച പൊതുവിജ്ഞാനം സൗന്ദര്യമത്സരത്തിനും സഹായിച്ചു.

പണ്ടുതൊട്ടേ സാമൂഹ്യ പ്രവർത്തനങ്ങളിലും ശ്രീനിധി സ്റ്റാറാണ്. സ്കൂളുകളിൽ സൗജന്യമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസെടുക്കുക, സമുദ്രശുചീകരണം എന്നിവ ചെയ്യാറുണ്ട്. വലിയൊരു ഉത്തരവാദിത്വമാണ് ഈ ടൈറ്റിലെന്ന് ശ്രീനിധി പറയുന്നു. 'എന്നെ കാണാൻ കുഞ്ഞമ്മയെപ്പോലെയാണ്. അപ്പോൾ ഞാൻ സുന്ദരിയാണ്..." എന്ന് കുടുംബത്തിലെ കുട്ടികൾ പറയാറുണ്ട്. സമൂഹത്തിൽ അവരെപ്പോലുള്ള കുട്ടികളുടെ പ്രതിനിധിയാകാനും അവർക്ക് ആത്മവിശ്വാസം പകരാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്.

എല്ലാവരും

സപ്പോർട്ട്

കുടുംബസുഹൃത്തും മുൻ മിസ് ഇന്ത്യ ഗുജറാത്തുമായ അമർദീപ് കൗർ, റിതിക രമാത്രി ഫ്രം തിയാര, ചൈതാലി എന്നിവരാണ് മെന്റർമാർ. അവർ പരിശീലനത്തിന് സഹായിച്ചു. അച്ഛൻ കോവളം ടി.എൻ. സുരേഷ് എസ്.എൻ.ഡി.പി കോവളം യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി ചെയർമാനും ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറിയുമാണ്. ദീർഘകാലം കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നീലകണ്ഠ പണിക്കർ ശ്രീനിധിയുടെ അപ്പൂപ്പന്റെ അച്ഛനാണ്. നീലകണ്ഠ ബീച്ച് റിസോർട്ട് ശ്രീനിധിയുടെ കുടുംബത്തിന്റെ ബിസിനസാണ്. അമ്മ പ്രിയദർശിനി. സഹോദരങ്ങൾ രോഹൻ നീലകണ്ഠ, വിവാൻ കൃഷ്ണ. നിയമ പഠനത്തിനൊപ്പം മോഡലിംഗും കൊണ്ടുപോകാനാണ് ശ്രീനിധിക്ക് താത്പര്യം. വഞ്ചിയൂരിലാണ് താമസം.